ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോൾ കടന്നുപിടിച്ചു; കൊല്ലത്ത് 19-കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: സ്കൂൾ വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്യുകയും സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ് (19) ആണ് ഏരൂർ പൊലിസിന്റെ പിടിയിലായത്. പെൺകുട്ടി പ്രതിയുടെ കൈയ്യിൽ കടിച്ച് സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
ഏരൂരിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രതി കുറച്ചു നാളായി ശല്യം ചെയ്തു വരികയായിരുന്നു. ദിവസവും ചോക്ലേറ്റുമായി കുട്ടിയുടെ പിന്നാലെ നടന്നിരുന്ന ഇയാളെക്കുറിച്ച് കുട്ടി വീട്ടിൽ വിവരം അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് സ്കൂളിലെത്തി അധ്യാപകരോട് പരാതിപ്പെടുകയും ചെയ്തു.
എന്നാൽ, ഇന്ന് വീണ്ടും ചോക്ലേറ്റുമായി എത്തിയ ആനന്ദ് സ്കൂൾ മതിൽ ചാടിക്കടന്ന് അകത്തുകയറി. കുട്ടി ചോക്ലേറ്റ് വാങ്ങാൻ വിസമ്മതിച്ചതോടെ പ്രതി കുട്ടിയുടെ കൈയ്യിൽ കടന്നുപിടിക്കുകയും സമീപത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് ബലമായി വലിച്ചിഴയ്ക്കുകയും ചെയ്തു. ഈ സമയം പ്രതിയുടെ കൈയ്യിൽ ശക്തിയായി കടിച്ച പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പ്രതി മതിൽ ചാടി പുറത്തേക്ക് കടന്നു.
ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത് ഇങ്ങനെ:
അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഏരൂർ പൊലിസ് സ്ഥലത്തെത്തി. സ്കൂളിന് സമീപത്തെ കടയ്ക്ക് സമീപം പ്രതിയുടെ വാഹനം കണ്ടെത്തിയതോടെ ഇയാൾ പ്രദേശത്തുതന്നെയുണ്ടെന്ന് പൊലിസിന് ഉറപ്പായി. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ അടുത്തുള്ള ഒരു കടയ്ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ പൊലിസ് പിടികൂടി. ഇയാളുടെ ചിത്രം സ്കൂൾ അധികൃതർക്ക് അയച്ചുകൊടുത്ത് പ്രതി ആനന്ദ് തന്നെയെന്ന് പൊലിസ് സ്ഥിരീകരിച്ചു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ (POCSO) ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."