ക്രൂരതയുടെ മൂന്നാംമുറ; മോഷണക്കുറ്റം സമ്മതിപ്പിക്കാനായി കസ്റ്റഡിയിലെടുത്ത യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ
പട്ന: മോഷണക്കുറ്റം സമ്മതിപ്പിക്കാനായി കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുകയും ചെയ്ത സംഭവത്തിൽ ബിഹാറിൽ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സമസ്തിപൂർ ജില്ലയിലെ താജ്പൂർ പൊലിസ് സ്റ്റേഷനിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്റ്റേഷൻ ഇൻ ചാർജ് ശങ്കർ ശരൺ ദാസ്, ഉദ്യോഗസ്ഥരായ രാജ്വംശ് കുമാർ, രാഹുൽ കുമാർ എന്നിവർക്കെതിരെയാണ് നടപടി.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
ഡിസംബറിൽ സമസ്തിപൂരിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60 ഗ്രാം സ്വർണം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ജ്വല്ലറി ജീവനക്കാരനായ യുവാവിനെയും രണ്ട് സഹപ്രവർത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 31-ന് ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് കടയുടമയും ഇവരെ മർദ്ദിക്കുകയും മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലെ പീഡനം:
നാല് ദിവസം നീണ്ട പൊലിസ് കസ്റ്റഡിയിൽ അതിക്രൂരമായ മർദ്ദനമാണ് യുവാവിന് നേരിടേണ്ടി വന്നതെന്ന് കുടുംബം ആരോപിക്കുന്നു.കുറ്റം സമ്മതിപ്പിക്കാനായി ഉദ്യോഗസ്ഥർ യുവാവിനെ മർദ്ദിക്കുകയും സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുകയും ചെയ്തു.യുവാവിനെ വിട്ടയക്കാൻ പൊലിസുകാർ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും കുടുംബം വെളിപ്പെടുത്തി.
തെളിവുകളുടെ അഭാവം:
യുവാവിന്റെ വീട്ടിൽ പൊലിസ് പരിശോധന നടത്തിയെങ്കിലും മോഷ്ടിക്കപ്പെട്ട സ്വർണമൊന്നും കണ്ടെത്താനായില്ല. തുടർന്ന് തെളിവില്ലാത്തതിനാലും യുവാവിന്റെ ആരോഗ്യനില വഷളായതിനാലും ജനുവരി 5-ന് ബോണ്ടിൽ വിട്ടയക്കുകയായിരുന്നു.
അന്വേഷണവും നടപടിയും:
വീട്ടിലെത്തിയ യുവാവിന്റെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ബന്ധുക്കൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. ആരോപണങ്ങൾ പ്രാഥമികമായി ശരിയാണെന്ന് കണ്ടതിനെത്തുടർന്ന് സമസ്തിപൂർ എസ്പി അരവിന്ദ് പ്രതാപ് സിംഗ് മൂന്ന് ഉദ്യോഗസ്ഥരെയും ഉടനടി സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."