ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ
മനാമ: ഭിന്നശേഷിക്കാരനായ രോഗിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ പ്രവാസി നഴ്‌സിനെ ബഹ്‌റൈൻ പൊലിസ് അറസ്റ്റ് ചെയ്തു. രോഗിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് 25,750 ദിനാർ (ഏകദേശം 61 ലക്ഷം ഇന്ത്യൻ രൂപ) നഴ്‌സ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
രോഗിയുടെ ശാരീരികാവസ്ഥ മുതലെടുത്താണ് നഴ്‌സ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. രോഗിയുടെ ഇലക്ട്രോണിക് ഒപ്പും വെരിഫിക്കേഷൻ നമ്പറും (OTP) രഹസ്യമായി കൈക്കലാക്കിയ പ്രതി, ഫോണിലെ ബെനിഫിറ്റ് ആപ്ലിക്കേഷൻ വഴി 2025 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്. സ്വന്തം സാമ്പത്തിക കാര്യങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയാത്ത രോഗിയെ വഞ്ചിച്ച് ഇവർ പണം കൈക്കലാക്കുകയായിരുന്നു.
അന്വേഷണത്തിൽ, തട്ടിയെടുത്ത തുകയിൽ ഭൂരിഭാഗവും നഴ്‌സ് സ്വന്തം നാട്ടിലേക്ക് അയച്ചതായി പൊലിസ് കണ്ടെത്തി. അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 3,500 ദിനാർ ഇവർ തിരികെ നൽകിയെങ്കിലും ബാക്കി തുക നൽകാൻ സാധിക്കാത്തതിനെ തുടർന്ന് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസ് ജനുവരി 20-ന് കോടതി പരിഗണിക്കും. രോഗികളുടെ വിശ്വാസ്യതയെ മുതലെടുത്ത് നടത്തുന്ന ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി.
bahrain police have arrested an expatriate nurse accused of fraudulently transferring 6.1 million rupees from a patient’s bank account, exposing serious breach of trust and raising concerns over financial crimes in healthcare settings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."