43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; നിറയെ പ്രവാസാനുഭവങ്ങളുമായി യാഹുമോന്‍ ഹാജി മടങ്ങുന്നു
ദുബൈ: നാലു പതിറ്റാണ്ടിലേറെ നീണ്ട യു.എ.ഇ പ്രവാസ ജീവിതത്തിന് വിരാമമിട്ട്, സേവനവും സൗഹൃദവും മനുഷ്യ സ്‌നേഹവും അടയാളപ്പെടുത്തിയ ഓര്‍മകളുമായി ചെമ്മുക്കന്‍ യാഹുമോന്‍ എന്ന കുഞ്ഞുമോന്‍ നാട്ടിലേക്ക് മടങ്ങുന്നു. ദുബൈ രാജകുടുംബത്തിലെ സേവകനായി 43 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മടക്കം പ്രവാസ ലോകത്ത് നേടിയ അനുഭവങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം മനുഷ്യര്‍ക്കു കൈത്താങ്ങായതിന്റെ ആത്മ സംതൃപ്തിയും കൈമുതലാക്കിയാണ്.
1983ല്‍ അനിയന്‍ ബഷീര്‍ ഹാജി അയച്ച വിസയില്‍ മുംബൈയില്‍ നിന്ന് വിമാനം കയറി ഷാര്‍ജയില്‍ ഇറങ്ങിയതോടെയാണ് യാഹുമോന്‍ ഹാജിയുടെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന്, ദുബൈ മുന്‍ ഉപ ഭരണാധികാരിയും സാമ്പത്തികകാര്യ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സേവനത്തിലേക്ക് കടന്ന അദ്ദേഹം, നീണ്ട പ്രവാസകാലം അര്‍പ്പണ ബോധത്തോടെയും വിശ്വാസ്യതയോടെയും നിര്‍വഹിച്ചു. ചെറുപ്പം മുതല്‍ തന്നെ നാട്ടിലെ സാംസ്‌കാരിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായിരുന്ന യാഹുമോന്‍, ദുബൈയിലെത്തിയ രണ്ടാം ദിവസം തന്നെ യു.എ.ഇ.യിലെ കെ.എം.സി.സിയുടെ മുന്‍കാല മുഖമായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വ്യവസായി സി.പി ബാവ ഹാജിയുടെ നേതൃത്വത്തിലാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായത്. തുടര്‍ന്ന് വര്‍ഷങ്ങളായി ദുബൈ കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളില്‍ സാധാരണ പ്രവര്‍ത്തകനായും ഭാരവാഹിയായും സേവനം അനുഷ്ഠിച്ചു. നിലവില്‍ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റായ അദ്ദേഹം, രണ്ടു തവണ ദുബൈമലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് കഷ്ടത അനുഭവിക്കുന്ന അനേകം മനുഷ്യര്‍ക്കു സഹായം എത്തിക്കുന്ന നിരവധി കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കാന്‍ യാഹുമോന്‍ ഹാജിക്കായി. പ്രവാസകാലം മുഴുവന്‍ നാട്ടിലും മറുനാട്ടിലുമായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും ആശ്വാസമായതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്. മലപ്പുറം കോട്ടക്കല്‍ പുലിക്കോട് സ്വദേശിയായ യാഹുമോന്‍ ഹാജി, ആ പ്രദേശത്തെ പ്രമുഖ തറവാടായ ചെമ്മുക്കന്‍ വീട്ടിലാണ് ജനിച്ചത്. പിതാവ് മൊയ്തു ഹാജി. 52 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന യു.എ.ഇപുലിക്കോട് മഹല്ല് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരികളിലൊരാളായ അദ്ദേഹം, നാട്ടിലെ നിരവധി ധര്‍മ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ കൂട്ടായ്മകളുടെയും സജീവ പ്രവര്‍ത്തകനും നേതാവുമാണ്. കോട്ടക്കല്‍ രാജാസ് സ്‌കൂളിലും എം.ഇ.എസ് മമ്പാട് കോളജിലും പഠന കാലത്ത് എം.എസ്.എഫിലൂടെ പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന യാഹുമോന്‍ ഹാജി, ആ സാമൂഹിക ഇടപെടലുകളുടെ തുടര്‍ച്ച പ്രവാസജീവിതത്തിലും നിലനിര്‍ത്തി.
പൗര പ്രമുഖനായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ മകള്‍ മുംതാസ് ആണ് ഭാര്യ. മൂന്നു മക്കളുണ്ട്. പാണക്കാട് തങ്ങള്‍ കുടുംബവുമായി ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിത്വവുമാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ കെ.എം.സി.സിയും മലപ്പുറം ജില്ലാ കമ്മിറ്റിയും യാഹുമോന്‍ ഹാജിക്ക് യാത്രയയപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."