സോഷ്യൽ മീഡിയയിലെ 'മരണക്കളി'; മാരകമായ ചാലഞ്ചുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്
ദുബൈ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചാലഞ്ചുകൾക്കെതിരെ ദുബൈ പൊലിസ്. വൈറലായിക്കൊണ്ടിരിക്കുന്ന മാരകമായ ചാലഞ്ചുകൾക്കെതിരെയാണ് കൗമാരക്കാർക്കും രക്ഷിതാക്കൾക്കും ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലിസ് രംഗത്തെത്തിയത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം പ്രവണതകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
'സ്‌കൾ ബ്രേക്കർ' (Skull Breaker/തലയോട്ടി പൊട്ടിക്കൽ), ശ്വാസംമുട്ടിക്കൽ തുടങ്ങിയ വിചിത്രവും അപകടകരവുമായ വെല്ലുവിളികൾ കൗമാരക്കാർക്കിടയിൽ വ്യാപിക്കുന്നതായി പൊലിസ് പറയുന്നു. ഓൺലൈനിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായാണ് കൗമാരക്കാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്.
ഗുരുതരമായ പരുക്കുകൾക്കും ചിലപ്പോൾ മരണത്തിനും ഇവ കാരണമായേക്കാം. മറ്റു രാജ്യങ്ങളിൽ ഇത്തരം ചാലഞ്ചുകൾക്കിടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലിസ് ഓർമ്മിപ്പിച്ചു.
കുട്ടികൾ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം മാരകമായ ചാലഞ്ചുകൾ അനുകരിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
"സമപ്രായക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയോ ഓൺലൈനിൽ വൈറലാകാൻ വേണ്ടിയോ ഇത്തരം അപകടങ്ങളിൽ ചാടാതിരിക്കാൻ കുട്ടികളുമായി തുറന്നു സംസാരിക്കണം. അവരുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കണം," ദുബൈ പൊലിസ് പുറത്തിറക്കിയ വീഡിയോ ക്ലിപ്പിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം അനുചിതമായ പെരുമാറ്റങ്ങളോ അപകടകരമായ ചാലഞ്ചുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 901 എന്ന നമ്പറിലോ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിലെ 'Police Eye' സേവനം വഴിയോ റിപ്പോർട്ട് ചെയ്യാം.
നേരത്തെ ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച 'ലൗണ്ട്രി ഡിറ്റർജന്റ്' കഴിക്കുന്ന വെല്ലുവിളിയും, ചാടുന്നതിനിടെ കാലുകൾ തട്ടിത്തെറിപ്പിച്ച് തലയടിച്ച് വീഴ്ത്തുന്ന രീതിയും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ദുബൈ പൊലിസിന്റെ അടിയന്തര ഇടപെടൽ.
dubai police have warned the public about dangerous social media challenges, urging parents and youth to stay alert as viral trends pose serious risks to life and safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."