കരുവാരക്കുണ്ടിൽ 14കാരിയെ16 കാരൻ കൊലപ്പെടുത്തിയ സംഭവം: പീഡനവിവരം മറച്ചുവെക്കാനെന്ന് പ്രതിയുടെ മൊഴി
മലപ്പുറം: കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയായ 16-കാരൻ പൊലിസിനോട് കുറ്റം സമ്മതിച്ചു.
കൊലപാതകത്തിന് പിന്നിൽ:
തന്നെ പീഡിപ്പിച്ച വിവരം അമ്മയോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി.കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്.സ്കൂൾ യൂണിഫോം ധരിച്ച നിലയിലുള്ള മൃതദേഹം സ്കൂളിൽ നിന്നും കിലോമീറ്ററുകൾ അകലെ വാണിയമ്പലത്തിനടുത്ത് പാണ്ടിക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ കാടുപിടിച്ച സ്ഥലത്താണ് കണ്ടെത്തിയത്.
തിരോധാനവും അന്വേഷണവും:
ബുധനാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതോടെയാണ് വീട്ടുകാർ പൊലിസിൽ പരാതി നൽകിയത്. പെൺകുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയിരുന്ന പശ്ചാത്തലത്തിൽ 16-കാരനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നാട്ടുകാരും പൊലിസും തിരച്ചിൽ നടത്തുന്നതിനിടെ വീട്ടിലെത്തിയ കൗമാരക്കാരനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."