ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്
ഷാർജ: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്. തിരക്കേറിയ കവലയിൽ നിയന്ത്രണം വിട്ട വാൻ ഡിവൈഡറുകൾ തകർത്ത് മറിയുന്ന ദൃശ്യങ്ങളാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി പൊലിസ് പുറത്തുവിട്ടത്.
ഷാർജ പൊലിസിന്റെ അത്യാധുനിക സ്മാർട്ട് ക്യാമറകളിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഹൈടെക് ഓപ്പറേഷൻസ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളിൽ, വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കറുത്ത വാൻ പെട്ടെന്ന് പാതയിൽ നിന്ന് വ്യതിചലിക്കുന്നത് കാണാം. ബ്രേക്ക് ചെയ്യാൻ പോലും ശ്രമിക്കാതെ വാഹനം നടപ്പാതയിലേക്ക് കയറുകയും റോഡിലെ ഡിവൈഡറുകൾ തകർത്ത് എതിർവശത്തുള്ള കോൺക്രീറ്റ് ബാരിയറിലും ട്രാഫിക് സിഗ്നലിലും ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനം വായുവിൽ ഉയരുകയും നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി.
അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടിയാണ് യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം സ്വീകരിക്കുന്നത്. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 800 ദിർഹം (ഏകദേശം 18,000 രൂപയ്ക്ക് മുകളിൽ) ചുമത്തും. ഇതിനുപുറമേ ഡ്രൈവിംഗ് ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകളും ചേർക്കും.
"വാഹനമോടിക്കുമ്പോൾ റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ഒരു ഉത്തരവാദിത്തമാണ്. നിമിഷനേരത്തെ ശ്രദ്ധക്കുറവ് പോലും നികത്താനാവാത്ത വലിയ ദുരന്തങ്ങൾക്ക് കാരണമാകും," ഷാർജ പൊലിസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡ്രൈവിംഗിനിടെ ഫോണുകൾ മാറ്റിവെക്കാനും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും അധികൃതർ റോഡ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
sharjah police warned motorists after a car crashed into road dividers due to mobile phone use while driving, stressing that distraction behind the wheel can lead to serious accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."