'സുന്ദരികളായ സ്ത്രീകൾ പുരുഷന്റെ ശ്രദ്ധ തിരിക്കും', 'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കും'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ
ന്യൂഡൽഹി: സുന്ദരികളായ സ്ത്രീകൾ പുരുഷന്മാരുടെ ശ്രദ്ധതിരിക്കുമെന്നും അത് ബലാത്സംഗത്തിന് കാരണമാകുമെന്നും ഉൾപ്പെടെയുള്ള വിവാദ പരാമർശവുമായി മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. ബലാത്സംഗ കുറ്റകൃത്യത്തെ ജാതി, മത വ്യാഖ്യാനങ്ങളുമായി ബന്ധിപ്പിക്കുന്ന പരാമർശങ്ങളാണ് ഫൂൽ സിംഗ് നടത്തിയത്. ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. 'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാത്സംഗത്തിന് ഇരയാകുന്നത് ആരാണ്? പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾ. മാനസികാവസ്ഥ എന്തുതന്നെയായാലും ഒരു പുരുഷൻ റോഡിലൂടെ നടക്കുമ്പോൾ ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അത് അയാളുടെ മനസ്സിനെ വ്യതിചലിപ്പിക്കുകയും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നതാണ് ബലാത്സംഗ സിദ്ധാന്തം' ഫൂൽ സിംഗ് ബരയ്യ പറഞ്ഞു. ചില ജാതികളിലെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തീർത്ഥാടനത്തിന് തുല്യമായ ആത്മീയ യോഗ്യത നേടുമെന്ന് കുറ്റവാളികൾ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന രുദ്രയമാൽ തന്ത്രം എന്ന പുസ്തകത്തെ ഉദ്ദരിച്ചാണ് വിവാദ പരാമർശങ്ങൾ ഏറെയും നടത്തിയിരിക്കുന്നത്.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവരുടെ വേദങ്ങളിൽ എഴുതിയിരിക്കുന്നതിനാൽ അവർ ഇപ്പോഴും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും ഫൂൽ സിംഗ് പറഞ്ഞു. ആത്മീയ പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ചില ഗ്രന്ഥങ്ങൾ ബലാത്സംഗം അനുവദിച്ചിട്ടുണ്ടെന്ന് ഫൂൽ സിംഗ് അവകാശപ്പെട്ടു. ഒരു വ്യക്തിക്ക് ഒരു തീർത്ഥാടന സ്ഥലം സന്ദർശിക്കാൻ കഴിയുന്നില്ലെങ്കിൽ, ആത്മീയ യോഗ്യത നേടുന്നതിനായി ദലിത് അല്ലെങ്കിൽ ആദിവാസി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരു ബദൽ മാർഗമാണെന്ന് അത്തരം ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഈ ജാതിയിൽപ്പെട്ട ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് തീർത്ഥാടനത്തിന് പോകുന്ന പ്രതിഫലം ലഭിക്കുമെന്ന് എഴുതിയിട്ടുണ്ട്. ഇനി, അയാൾക്ക് തീർത്ഥാടനത്തിന് പോകാൻ കഴിയുന്നില്ലെങ്കിൽ, എന്താണ് ബദൽ? വീട്ടിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. ഇരുട്ടിലോ വെളിച്ചത്തിലോ അവളെ പിടികൂടി അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കും. ഒരു പുരുഷന് ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് നാല് മാസം പ്രായമുള്ളതും ഒരു വയസ്സുള്ളതുമായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നത്. അയാൾ അത് പ്രതിഫലത്തിനായി ചെയ്യുന്നു' - ഫൂൽ സിംഗ് കൂട്ടിച്ചേർത്തു.
ഫൂൽ സിംഗിന്റെ പരാമർശങ്ങൾ മധ്യപ്രദേശിൽ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. കുറ്റകരവും വികലവുമായ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്ന് ബിജെപി പ്രതികരിച്ചു. ലൈംഗികാതിക്രമം ഗുരുതരമായ കുറ്റകൃത്യമാണെന്നും അതിനെ ന്യായീകരിക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ജിതു പട്വാരി വ്യക്തമാക്കി. ഇത് പാർട്ടിയുടെ നിലപാട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."