അഴിമതിക്കാരുടെ താവളമായി കെഎസ്ഇബി; ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ റെയ്ഡിൽ പിടികൂടിയത് ലക്ഷങ്ങൾ, വ്യാപക ക്രമക്കേട്
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ നടത്തിയ റെയ്ഡിൽ 16,50,000 രൂപ കൈക്കൂലിയായി കൈപ്പറ്റിയതായി കണ്ടെത്തി. കരാറുകാരിൽനിന്നും കമ്മിഷൻ ഇനത്തിൽ പണം വാങ്ങി പരിശോധന നടത്താതെ ഉദ്യോഗസ്ഥർ ബിൽ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ഇബി വിജിലൻസിന്റെ റെയ്ഡ്.
പല കരാറുകാരിൽ നിന്നായി വിവിധ സെക്ഷൻ ഓഫിസുകളിലെ 41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഇതിൽ 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈപ്പറ്റിയ കണക്കാണ്. എന്നാൽ നേരിട്ട് കൈപ്പറ്റിയതിന് രേഖകൾ ഇല്ലാത്തതിനാൽ അത് എത്രത്തോളം വരുമെന്ന് കണക്കില്ല. അക്കൗണ്ടിലൂടെ കൈപ്പറ്റിയത് യഥാർത്ഥ അഴിമതിയുടെ ഒരു അംശം മാത്രമാകാം എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ കരാർ പ്രവൃത്തികളാണ് വിജിലൻസ് പരിശോധിച്ചത്. കെഎസ്ഇബിയിൽ മിക്ക ഓഫിസുകളിലും കരാറുകൾ നൽകുന്നത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കരാർ പ്രവൃത്തികൾ ടെൻഡർ നടപടിക്രമങ്ങൾ ഒഴിവാക്കാൻ യഥാർത്ഥ പ്രവർത്തിയെ കുറഞ്ഞ തുകയ്ക്കുള്ള പ്രവൃത്തികളായി വിഭജിച്ച് ക്വട്ടേഷൻ ക്ഷണിച്ച് പദ്ധതി നടപ്പിലാക്കുന്നതും അന്വേഷണത്തിൽ കണ്ടെത്തി.
വിവിധ പ്രവൃത്തികളുടെ കരാർ വർഷങ്ങളായി ഒരേ കരാറുകാരന് തന്നെ നൽകിയിരിക്കുന്നതും കണ്ടെത്തി. കരാർ അടിസ്ഥാനത്തിൽ എടുത്തിരിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തിലും വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ട്. കരാർ പ്രവൃത്തികളുടെ ഫയലുകൾ കൃത്യമായി മിക്ക ഓഫീസുകളും പരിപാലിക്കുന്നില്ല എന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
സബ് എൻജിനീയർ, അസി.എൻജീനീയർ, ഓവർസീയർ തുടങ്ങി വിവിധ റാങ്കിൽ ഉള്ളവർ പണം കൈപറ്റിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയും നേരിട്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന രീതിയിലുമാണ് കൈക്കൂലി കൈപ്പറ്റിയത്. രണ്ടര ലക്ഷം രൂപവരെ ഒരു കാര്യത്തിനായി കൈക്കൂലി വാങ്ങിയവരും വിജിലൻസ് പിടികൂടിയവരിൽ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."