ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ
ചെന്നൈ: അമിതമായി നിയന്ത്രിക്കാൻ ശ്രമിച്ച ആൺസുഹൃത്തിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ക്രിമിനൽ സംഘത്തിന്റെ സഹായത്തോടെ യുവതികൾ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ തിരുശൂലം സ്വദേശിയായ നിർമ്മാണ തൊഴിലാളി സെൽവകുമാർ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ റീന (24), രച്ചിത (25) എന്നിവരെയും ഇവരുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളായ മൂന്നുപേരെയും പല്ലാവരം പൊലിസ് അറസ്റ്റ് ചെയ്തു.
സൗഹൃദത്തിൽ തുടങ്ങിയ പക
സോഷ്യൽ മീഡിയയിലൂടെയാണ് റീനയും രച്ചിതയും സെൽവകുമാറുമായി പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായിരുന്ന യുവതികൾക്ക് നിരവധി യുവാക്കളുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ, ഇതിനെ സെൽവകുമാർ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മറ്റ് പുരുഷന്മാരുമായി സംസാരിക്കരുതെന്നും റീൽസ് ചെയ്യരുതെന്നും പറഞ്ഞ് സെൽവകുമാർ യുവതികളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.സെൽവകുമാറിന്റെ ശല്യം സഹിക്കവയ്യാതെ ഇയാളെ വകവരുത്താൻ യുവതികൾ തീരുമാനിച്ചു. ഇതിനായി തങ്ങളുടെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കളായ അലക്സ്, 17 വയസ്സുകാരൻ എന്നിവരുടെ സഹായം തേടി.
മോഷണശ്രമമെന്ന് വരുത്തിത്തീർക്കാൻ നാടകം
കഴിഞ്ഞ ബുധനാഴ്ച രാത്രി സെൽവകുമാറിനെ സംസാരിക്കാനെന്ന വ്യാജേന പല്ലാവരത്തെ വിജനമായ സ്ഥലത്തേക്ക് യുവതികൾ വിളിച്ചുവരുത്തി. തുടർന്ന് ഒളിച്ചിരുന്ന അക്രമിസംഘം ഇയാളെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സെൽവകുമാറിനെ പൊലിസ് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
കഥ മെനഞ്ഞു:
ആരോ സെൽവകുമാറിനെ ആക്രമിച്ച് മാല കവർന്നതാണെന്നും മോഷണശ്രമത്തിനിടെയാണ് വെട്ടേറ്റതെന്നുമാണ് യുവതികൾ പൊലിസിനോട് പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും യുവതികളുടെ ഫോൺ രേഖകളും പരിശോധിച്ചതോടെ പൊലിസിന് സംശയം തോന്നി.
പൊലിസ് നടപടി
യുവതികളുടെ ഫോണിലെ ചാറ്റുകൾ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. കൊലയാളി സംഘത്തെ ഏർപ്പാട് ചെയ്തതും അവരെ സ്ഥലത്തെത്തിച്ചതും യുവതികളാണെന്ന് പൊലിസ് കണ്ടെത്തി. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പൊലിസ് തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ യുവതികളെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."