ഇടപ്പള്ളിയില്‍ ഇനി കുരുക്കില്ലാതെ പായാം...
കൊച്ചി: കാത്തിരിപ്പിനു വിരാമമിട്ട് ഇടപ്പള്ളി മേല്‍പ്പാലം ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വൈകിട്ട് അഞ്ചിന് ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ടാറിങ്‌ജോലികള്‍ ബുധനാഴ്ച രാവിലെ പൂര്‍ത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചു. റോഡില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുക, റിഫ്‌ളക്റ്ററുകള്‍ സ്ഥാപിക്കുക എന്നീ ജോലികളും ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി.
പാലം തുറന്നുകടുക്കുന്നതോടുകൂടി ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇപ്പോള്‍ സിഗ്നലില്‍ വഹനങ്ങള്‍ കാത്തുകിടക്കുന്നതുമൂലം ദേശിയ പാതയിലുള്‍പ്പെടെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മേല്‍പ്പാലം തുറന്നുകൊടുക്കന്നതോടുകൂടി ദേശിയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കുരുക്കൊഴിവാക്കി പോകാന്‍ സാധിക്കും. ഇതുമൂലം മറ്റ് റോഡുകളിലെയും ഗതാഗതക്കുരുക്ക് കുറയും.
കൊച്ചി മെട്രൊ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്കായിരുന്നു. നിര്‍മാണം പൂര്‍ത്തിയായതായി അറിയിച്ച് ഡി.എം.ആര്‍.സി കഴിഞ്ഞദിവസം കെ.എം.ആര്‍.എലിന് കത്തു നല്‍കി. 22.15 മീറ്റര്‍ ഉയരത്തില്‍ മെട്രൊയുടെ ഏറ്റവും ഉയരമുള്ള തൂണുകള്‍ ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
മെട്രൊ തൂണുകളുടെ മധ്യഭാഗത്തായി പതിനഞ്ച് മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. രണ്ടുവശങ്ങളിലായി നാലുവരിയിലാണ് പാലം. 480 മീറ്റര്‍ നീളത്തിലുള്ള പാലം 11 സ്പാനുകളിലാണ് നിര്‍മിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ജംക്ഷനിലെ സ്പാനുകള്‍ക്കിടയില്‍ 35 മീറ്റര്‍ വീതിയില്‍ റോഡുമുണ്ട്. 90 പൈലുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 95 കോടി രൂപ മുടക്കിയതില്‍ 60 കോടിയും സ്ഥലം ഏറ്റെടുക്കാനായി ചിലവായി.
ഇടപ്പള്ളി മേല്‍പ്പാലത്തിനൊപ്പം നിര്‍മാണം ആരംഭിച്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ടാറിങ്‌ജോലി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ പറഞ്ഞു. 620 മീറ്റര്‍ നീളമാണ് പാലത്തിന്. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്നു തുടങ്ങി എസ്.ബി.ഐക്കു മുന്നിലാണ് ഈ മേല്‍പ്പാലം അവസാനിക്കുന്നത്.
ഇടപ്പള്ളി മേല്‍പാലം പണി പൂര്‍ത്തിയായി എന്നു കാണിച്ച് ഡി.എം.ആര്‍.സി കെ.എം.ആര്‍.എലിന് കത്തു നല്‍കിയതിന് പിന്നാലെ ബി.ജെ.പി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പാലത്തിന്റെ അവസാന മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ പാലം തുറക്കുകയുള്ളൂ എന്ന് ഡി.എം.ആര്‍.സി നിലപാട് എടുത്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."