ജില്ലയ്ക്ക് 'ഓണസദ്യ' ഒരുക്കി പാലമേല്‍ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: ഇത്തവണ ജില്ലയിലുള്ളവര്‍ ഓണസദ്യകഴിക്കുമ്പോള്‍ കറികളില്‍ പാലമേല്‍ പച്ചക്കറികളുടെ രുചിയുറപ്പാണ്. ഉപ്പേരിക്കുള്ള ഏത്തയ്ക്കയിലും പഴങ്ങളിലും വരെ ഓണാട്ടുകരയുടെ കൃഷിപ്പുണ്യമുണ്ടാകും. ഇത്തവണ ടണ്‍ കണക്കിന് പച്ചക്കറിയും ഏത്തക്കുലകളുമാണ് ജില്ലയിലെ വിവിധ ഓണച്ചന്തകളിലേക്ക് പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് കയറ്റി അയച്ചത്.
പടവലം, പയര്‍, പാവയ്ക്ക, ഉണ്ടമുളക്, വെള്ളരി, കുമ്പളം, വഴുതന, മത്തങ്ങ, തടിയന്‍, പച്ചമുളക്, വെണ്ട, കുമ്പളം, ചേന, ചേമ്പ്, കാച്ചില്‍, കിഴങ്ങ്, ഇഞ്ചി, കോവയ്ക്ക, പൂവന്‍പഴം, റോബസ്റ്റ, ഞാലിപ്പൂവന്‍, ചുവന്നപൂവന്‍, പാളയംകോടന്‍, ചക്ക തുടങ്ങി ജൈവകൃഷിയിലൂടെ പാലമേല്‍ വിളവെടുത്ത കാര്‍ഷികകോത്പന്നങ്ങളാണ് ജില്ലയിലെ വിവിധ കൃഷി ഭവനുകളിലെ ഓണച്ചന്തയിലൂടെയും ഹോര്‍ട്ടി കോര്‍പിന്റെ കടകള്‍ വഴിയും പൊതുവിപണിയിലൂടെയും ജനങ്ങളിലേക്ക് എത്തുന്നത്. ജില്ലയിലെ ഏഴു ബ്ലോക്കുകളിലേക്കും പച്ചക്കറികള്‍ നല്‍കിയത് പാലമേലാണ്. കൃഷി ഭവനുകീഴിലുള്ള നാലു രജിസ്‌ട്രേഡ് ക്ലസ്റ്ററുകളില്‍നിന്നും ഗ്രാമപഞ്ചായത്തിനുകീഴിലുള്ള 19 വാര്‍ഡുതല ക്ലസ്റ്ററുകളില്‍നിന്നുമുള്ള ഉത്പന്നങ്ങളാണിവ. നാലു രജിസ്‌ട്രേഡ് ക്ലസ്റ്ററുകള്‍ 12.5 ഏക്കര്‍ വീതം സ്ഥലത്താണ് വിവിധ കൃഷിയിറക്കിയത്.
കര്‍ഷകര്‍ക്ക് മികച്ചവില ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച ആഴ്ച ചന്തയിലൂടെ ശേഖരിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്ററാണ് പൊതുവിപണിയിലെത്തിക്കുന്നത്. എല്ലാ ആഴ്ചയിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ആഴ്ച ചന്ത നടക്കുക. ആഴ്ചചന്ത നടക്കുന്ന വിപണി 40 ലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് നവീകരിച്ചു നല്‍കി. ചന്തയിലെത്തുന്ന ജൈവ കാര്‍ഷികോത്പന്നങ്ങള്‍ അപ്പോള്‍തന്നെ വിറ്റുപോകുന്നു. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നു. വിഷം തളിക്കാത്ത, രാസവളം പ്രയോഗിക്കാത്ത പാലമേല്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് ആര്‍. രാജേഷ് എം.എല്‍.എ. പറഞ്ഞു.
ജില്ലയിലെ വിപണിയിലേക്ക് ഇന്നലെ വരെ 51 ലക്ഷം രൂപയുടെ പച്ചക്കറികളും കാര്‍ഷികോത്പന്നങ്ങളുമാണ് ഇവിടെനിന്നു മാത്രം കയറ്റി അയച്ചത്. 110 ടണ്ണോളം കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ ഒമ്പതു ദിവസത്തിനുള്ളില്‍ 12.5 ടണ്‍ എത്തയ്ക്കയും ഏഴു ടണ്‍ പടവലവും നാലു ടണ്‍ വെള്ളരിയും രണ്ടു ടണ്‍ വീതം പാവലും പയറും 7.5 ടണ്‍ ചേനയും 2.5 ടണ്‍ കാച്ചിലും ഒരു ടണ്‍ കിഴങ്ങും കയറ്റിയയച്ചു. ആറു ടണ്ണോളം നാടന്‍ പഴങ്ങളാണ് വിറ്റത്. കാന്താരി മുതല്‍ കറിവേപ്പിലവരെ വിപണിയിലെത്തിക്കുന്നു. ജൈവ ഉത്പന്നങ്ങളുടെ കടയും കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുണ്ട്.
കര്‍ഷകരും ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും കൃഷിഭവനും ചേര്‍ന്നുള്ള കൂട്ടായയത്‌നമാണ് പാലമേലിന്റെ വിജയമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്‍ പറയുന്നു. ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട സിജി സൂസന്‍ ജോര്‍ജും മികച്ച കൃഷി അസിസ്റ്റന്റായി തെരഞ്ഞെടുക്കപ്പെട്ട മനോജ് മാത്യുവും കൃഷിക്കും വിപണിയുടെ നടത്തിപ്പിനും സര്‍വപിന്തുണയുമായി രാപകലില്ലാതെ കര്‍ഷകര്‍ക്ക് ഒപ്പമുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പ ഞ്ചായത്തും സഹായങ്ങള്‍ നല്‍കുന്നു. ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന ശീതീകരണ യൂണിറ്റ് പാലമേലില്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്തെന്നും ജൈവ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റിഅയയ്ക്കാനുള്ള ശ്രമം ആരംഭിച്ചതായും പ്രസിഡന്റ് രജനി ജയദേവ് പറഞ്ഞു.
ആഴ്ച ചന്തയിലൂടെ 6,000 രൂപയ്ക്കു മുകളില്‍ കാര്‍ഷികോത്പന്നങ്ങള്‍ വിറ്റവര്‍ക്ക് മൊത്തവിലയുടെ മൂന്നുശതമാനം ബോണസ് നല്‍കുന്നുണ്ടെന്നു പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്റര്‍ പ്രസിഡന്റ് മുരളീധരന്‍പിള്ളയും സെക്രട്ടറി ഭാര്‍ഗവന്‍ പിള്ളയും പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചുവരെ 38 ലക്ഷം രൂപയുടെ 68 ടണ്‍ കാര്‍ഷികോത്പന്നങ്ങള്‍ വിറ്റു.
ഇക്കാലയളവിലെ ബോണസാണ് കര്‍ഷകര്‍ക്കു നല്‍കിയത്. കൂടുതല്‍ വില്‍പന നടത്തിയ കര്‍ഷകരായ വിജയന്‍, സഫിയ ബഹദൂര്‍, വിപണിയോട് നന്നായി സഹകരിച്ച വ്യാപാരി എം. മണിയന്‍ എന്നിവരെ ക്ലസ്റ്റര്‍ ആദരിച്ചതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."