ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉദ്യോഗസ്ഥിന്റെ സത്യസന്ധത
ദുബൈ: യാത്രാത്തിരക്കിനിടയിൽ വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട മോതിരം വെറും 25 മിനിറ്റിനുള്ളിൽ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മുഹമ്മദ് മുസ്തക്. വിമാനത്താവള ജീവനക്കാരന്റെ സത്യസന്ധതയും കൃത്യസമയത്തുള്ള ഇടപെടലുമാണ് മോതിരം വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.
നാല് വർഷമായി യുഎഇയിൽ താമസിക്കുന്ന വ്യക്തിയാണ് ചെന്നൈ സ്വദേശിയായ മുസ്തക്. കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. ഭാര്യയ്ക്ക് സമ്മാനമായി നൽകാൻ വിലപിടിപ്പുള്ള ഒരു മോതിരം അദ്ദേഹം വാങ്ങിയിരുന്നു.
ഇത് നഷ്ടപ്പെടാതിരിക്കാൻ യാത്രയ്ക്കിടെ അദ്ദേഹം തന്റെ വിരലിൽ തന്നെ അണിഞ്ഞു.
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ അദ്ദേഹം തന്റെ ജാക്കറ്റ് അഴിച്ചുമാറ്റി. ഈ സമയം മുസതക് അറിയാതെ തന്നെ മോതിരം വിരലിൽ നിന്ന് വഴുതിപ്പോവുകയായിരുന്നു.
ബോർഡിംഗ് സമയം അടുക്കുമ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരം മുസ്തക് അറിഞ്ഞത്. മോതിരം നഷ്ടപ്പെട്ടതറിഞ്ഞ മുസ്തക് വലിയ പരിഭ്രാന്തിയോടെ ഡ്യൂട്ടി ഫ്രീ ഏരിയയിൽ 15 മിനിറ്റോളം തിരച്ചിൽ നടത്തി. എന്നാൽ എല്ലായിടത്തും നോക്കിയിട്ടും മുസ്തകിന് അത് കണ്ടെത്താൻ സാധിച്ചില്ല.
ഒടുവിൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ച മുസ്തക് 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' വിഭാഗത്തിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. അതേസമയം, വിമാനത്താവള ജീവനക്കാരനായ ജാവേദ് നിലത്ത് വീണുകിടന്ന മോതിരം കണ്ടെത്തിയിരുന്നു.
തിരക്കിനിടയിൽ അദ്ദേഹം മോതിരം സ്വന്തം കയ്യിൽ വെക്കാതെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉടമയെ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു.
പരാതി നൽകി മടങ്ങിവന്ന മുസ്തക്, സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ തന്റെ മോതിരം കണ്ട് അത്ഭുതപ്പെട്ടു. ആവശ്യമായ രേഖകളും ദൃശ്യങ്ങളും പരിശോധിച്ച ശേഷം വെറും 25 മിനിറ്റിനുള്ളിൽ മോതിരം മുസ്തകിന് കൈമാറി.
ജാവേദിന്റെ സത്യസന്ധതയെയും ആത്മാർത്ഥതയെയും മുസ്തക് പ്രശംസിച്ചു. ജീവനക്കാരന്റെ സേവനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദുബൈ വിമാനത്താവള കസ്റ്റമർ സർവീസ് ടീമിന് ഇമെയിൽ അയക്കുകയും ചെയ്തു.
"നഷ്ടപ്പെട്ട സാധനം യഥാർത്ഥ ഉടമയ്ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നെ ഞെട്ടിച്ചു, മനുഷ്യരിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ഈ അനുഭവം സഹായിച്ചു" - മുസ്തക് പറഞ്ഞു.
an indian expatriate who lost a gold ring bought for his wife at the airport found relief thanks to the honesty of a dubai airport staff member, highlighting integrity and kindness in public service.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."