ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര
ഇൻഡോർ: മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിന് തോൽപ്പിച്ച് ന്യൂസിലൻഡ്. ജയത്തോടെ കിവികൾ പരമ്പര സ്വന്തമാക്കി. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ഐതിഹാസിക സെഞ്ച്വറിയും നിതീഷ് കുമാർ റെഡ്ഡിയുടെ അർദ്ധ സെഞ്ച്വറിയും ഇന്ത്യൻ തോൽവി ഒഴിവാക്കാൻ മതിയാകുമായിരുന്നില്ല.
മത്സരത്തിൽ തോറ്റെങ്കിലും വിരാട് കോഹ്‌ലി തന്റെ കരിയറിലെ 85-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി (7 എണ്ണം) നേടുന്ന താരമെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കി. ഇതോടെ ആറ് സെഞ്ച്വറികൾ വീതം നേടിയ റിക്കി പോണ്ടിംഗ്, വീരേന്ദർ സെവാഗ് എന്നിവരെ താരം മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 337/8 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഡാരിൽ മിച്ചലിന്റെ (137) തകർപ്പൻ ഇന്നിംഗ്‌സും ഗ്ലെൻ ഫിലിപ്സിന്റെ (101) സെഞ്ച്വറിയുമാണ് കിവീസിനെ മികച്ച സ്കോറിലെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി തുടക്കത്തിൽ വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഡോരിൽ മിച്ചലിന്റെ പോരാട്ടം ഇന്ത്യയ്ക്ക് തിരിച്ചടിയായി.
338 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളി. ക്യാപ്റ്റൻ രോഹിത് ശർമ്മ (11), ശുഭ്മാൻ ഗിൽ (23) എന്നിവർ നേരത്തെ പുറത്തായി. കെ.എൽ. രാഹുലും (1) ശ്രേയസ് അയ്യരും (3) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
എന്നാൽ നിതീഷ് കുമാർ റെഡ്ഡിയെ (53) കൂട്ടുപിടിച്ച് കോഹ്‌ലി നടത്തിയ പോരാട്ടം ഇന്ത്യൻ പ്രതീക്ഷകൾ നിലനിർത്തിയിരുന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ ഹർഷിത് റാണ ഒരുവേള ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകിയതാണ്. റാണ പുറത്തായതോടെ പ്രതീക്ഷ മുഴുവൻ കോഹ് ലിയിലേക്ക് ചുരുങ്ങി.
റാണയ്ക്ക് പിന്നാലെ വന്ന സിറാജിനും കുൽദീപ് യാദവിനും കിവികളെ പ്രതിരോധിക്കാനായില്ല. പിന്നാലെ കോഹ് ലി ക്രിസ് ക്ലാർക്കിന്റെ ബോളിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി പുറത്തായി. ഡാരിൽ മിച്ചലാണ് കളിയുടെയും പരമ്പരയുടെയും താരം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് ക്ലാർക്കും സാക്ക് ഫോൾക്സുമാണ് ഇന്ത്യയെ തകർത്തത്.
india suffered a defeat in indore as new zealand secured the series by winning the third odi, delivering a strong performance that sealed the contest despite india’s efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."