യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം
ലഖ്‌നൗ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ. ബറേലി ജില്ലയിൽ ആണ് സംഭവം. സമീപപ്രദേശത്തൊന്നും പള്ളി ഇല്ലാത്ത മുഹമ്മദ്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കരിച്ചവരിൽ 12 പേരെയാണ് അറസ്റ്റ്‌ചെയ്തത്. ഹനീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ വീട്, ആഴ്ചകളായി പ്രദേശത്തെ മുസ്ലിംകൾ നിസ്‌കാരത്തിനായി ഉപയോഗിച്ചുവരികയായിരുന്നു. പ്രധാനമായും ജുമുഅ നിസ്‌കാരം ആയിരുന്നു ഇവിടെ നടന്നുവരുന്നത്.
വീടിനുള്ളിൽ ആളുകൾ കൂട്ടമായി പ്രാർത്ഥന നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഹിന്ദുത്വ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടികളും പ്രായമുള്ളവരും നിസ്‌കരിക്കുന്നതിന്റെ വിഡിയോ എടുത്ത് പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് പൊലിസിൽ പരാതിപ്പെട്ടത്. പൊലിസെത്തി ഇവരെ പിടികൂടുകയും ക്രമസമാധാനം ലംഘിക്കുന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 12 പേരെയും മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും എല്ലാവരെയും ജാമ്യത്തിൽ വിടുകയുംചെയ്തു.
ജുമുഅ നിസ്‌കാരത്തിനായാണ് ഈ സ്ഥലം പ്രധാനമായും ഉപയോഗിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. അനുമതിയില്ലാതെ പുതിയ മതപരമായ ചടങ്ങുകളോ ഒത്തുചേരലുകളോ നടത്തുന്നത് നിയമലംഘനമാണെന്ന് എസ്.പി (സൗത്ത്) അൻഷിക വർമ്മ പറഞ്ഞു. പൊലിസ് എത്തിയപ്പോൾ ഓടിപ്പോയ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും അൻഷിക വർമ്മ പറഞ്ഞു.
സ്വകാര്യ ഭൂമിയിൽ പ്രാർത്ഥനനടത്തിയതിന് കേസെടുത്ത യു.പി പൊലിസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏതു വകുപ്പുപ്രകാരമാണ് സ്വകാര്യ ഭൂമിയിൽ പ്രാർത്ഥനനടത്തിയതിന് കേസെടുക്കുകയെന്ന് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് ചോദിച്ചു. സ്വന്തം വീട്ടിൽനിന്ന് നിസ്‌കരിക്കുന്നത് എങ്ങിനെയാണ് കുറ്റകരമാകുന്നതെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗഡി ചോദിച്ചു.
Police have detained 12 people in a village in Bareilly district for allegedly offering namaz at an empty house "without permission", officials said on Sunday (January 18, 2026).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."