വാഗ്ദാനം വാക്കിലൊതുക്കി; പൂഞ്ഞാര്‍ താലൂക്കിനെക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല
ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ജനപക്ഷ സ്ഥാനാര്‍ഥി പി.സി ജോര്‍ജും നല്‍കിയ പ്രധാന വാഗ്ദാനം ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് എന്നതായിരുന്നു.
പക്ഷെ, ഇക്കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് എന്ന ആവശ്യത്തിന് 60 വര്‍ഷത്തെ പഴക്കമുണ്ട്.
മീനച്ചില്‍താലൂക്കിലെ വഴിക്കടവ്, അടിവാരം, ആലുംതറ, തലനാട്, അടുക്കം, ചോലത്തടം തുടങ്ങിയ പ്രദേശത്ത് വസിക്കുന്നവര്‍ക്ക് താലൂക്ക് ആസ്ഥാനമായ പാലായിലെത്താന്‍ 40കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
വാഹനസൗകര്യം പരിമിതമായ ഈ പ്രദേശത്തുകാര്‍ക്ക് ഈ വിഷയത്തില്‍ ഒരു ദിവസം നഷ്ടപ്പെടുകയും ചെയ്യും. മൂന്നിലവ് മേലുകാവ് പഞ്ചായത്തിലെ മലയോര ഭാഗങ്ങളല്‍ വസിക്കുന്നവര്‍ക്കും ഇതാണ് അവസ്ഥ.
സി.പി.ഐ നേതാവ് കെ.ഇ ഇസ്മായില്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്ത് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കുകയായിരുന്നു. നിലവിലെ എം.എല്‍.എ പി.സി.ജോര്‍ജ് ചീഫ് വിപ്പായിരുന്ന സമയം പൂഞ്ഞാര്‍ താലൂക്ക് ആവശ്യത്തില്‍ ശക്തമായി വാദിച്ചുവെങ്കിലും കെ.എം മാണിയുടെഎതിര്‍പ്പ് മൂലംഈരാറ്റുപേട്ട പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തി ജോര്‍ജിനെ ഒതുക്കുകയായിരുന്നു.
തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ കേന്ദ്രമായി താലൂക്ക് ഉണ്ടാകുമെന്ന് എല്‍.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു.
താലൂക്ക് ലഭിക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് തുടര്‍ നടപടികളില്ലാത്തതിനാല്‍ ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."