HOME
DETAILS

ആലുവ അബൂബക്കര്‍ മുസ്‌ലിയാര്‍

  
January 20, 2026 | 12:21 PM

Madavana Abu Bakr Musliyar The Legendary Sufi Saint of AluvaMudikkal

കറാമത്തുകള്‍ കൊണ്ട് കേരളത്തെ വിസ്മയിപ്പിച്ച മഹാനായ ഒരു സൂഫി വര്യനായിരുന്നു ആലുവ അബൂബക്കര്‍ മുസ്‌ലിയാര്‍. 1884-ല്‍ ആലുവാക്കടുത്ത് മുടിക്കല്‍ എന്ന സ്ഥലത്തുള്ള പുരാതന തറവാടായ മാടവനയിലാണ് അദ്ദേഹം ജനിച്ചത്. ഒരു കര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പിതാവ് ആലി സാഹിബും, മാതാവ് ആയിഷയുമായിരുന്നു. തികഞ്ഞ മത ഭക്തനും, സത്യസന്ധനുമായിരുന്ന ആലി സാഹിബിന്റെ ഏഴു സന്താനങ്ങളില്‍ ഇളയ പുത്രനാണ് ചരിത്ര പുരുഷന്‍. പ്രാഥമിക പഠനം നാട്ടില്‍ നിര്‍വ്വഹിച്ച ശേഷം ഉപരിപഠനത്തിനായി അദ്ദേഹം പൊന്നാനി, വെളിയങ്കോട്, കൂട്ടായി, പാനായിക്കുളം, കൊടുങ്ങല്ലൂര്‍, തിരൂരങ്ങാടി, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. മതവിധികളും, മഹാന്മാരായ സ്വഹാബത്തിന്റേയും, സ്വാലിഹീങ്ങളുടേയും ചരിത്രങ്ങളും, ജീവിത ചര്യകളും ഉള്‍പ്പെടെ ധാരാളം കാര്യങ്ങള്‍ അദ്ദേഹം ഹൃദ്യസ്ഥമാക്കിയിരുന്നു.

നിഷ്‌കളങ്കമായ ഹൃദയവും, ശാന്ത സ്വഭാവവും, ദൈവ സ്മരണയാല്‍ പ്രകാശിതമായ മുഖ ലാവണ്യവും, ബാല്യം മുതലേ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. 1903-ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് 20 വയസ്സില്‍ താഴെ മാത്രമായിരുന്നു പ്രായം. എന്നിട്ടും ചെറുവേലിക്കുന്നു പള്ളിയില്‍ ദര്‍സ് അധ്യാപകനായി അദ്ദേഹം നിയമിതനായി. പിന്നീട് കളപ്പോത്ത് അബ്ദുള്ളാ സാഹിബിന്റെ പക്കല്‍ ദര്‍സ് അധ്യാപനം തുടര്‍ന്നു. അധികം കഴിയുന്നതിനു മുമ്പു തന്നെ കൂടുതല്‍ അറിയാനും, പഠിക്കാനുമുള്ള ജിജ്ഞാസകൊണ്ട് അദ്ദേഹം പല പണ്ഡിതന്മാരുടെ സന്നിധാനത്തിലുമെത്തി തന്റെ വിജ്ഞാന ദാഹത്തിന് ശമനം കണ്ടു. അക്കാലത്ത് പൊന്നാനിയില്‍ പ്രസിദ്ധനായ കുട്ട്യാമു മുസ്‌ലിയാര്‍ അവര്‍കളുടെ ദര്‍സില്‍ അദ്ധ്യയനം നടത്തിയിട്ടുണ്ട്. ഉത്തര കേരളത്തിലെ ആദരണീയനായ പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യാ പിതാവാണ് മഹാനായ കുട്ട്യാമു മുസ്‌ലിയാര്‍. കുറച്ചു കാലം തൃശൂരില്‍ കാളത്തോട് കമ്മുക്കുട്ടി മുസ്‌ലിയാരുടെ കീഴിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കൊച്ചിയില്‍ കല്‍വത്തി പള്ളി മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദുദ്ദീന്‍ അവര്‍കളുടെ ശിഷ്യനും, മുദരീദുമായിരുന്നു ചരിത്ര പുരുഷന്‍. ഈ കാലയളവില്‍ അദ്ദേഹത്തിന് അനേകം മശായിഖുകളുടെ സാമീപ്യം അനുഭവിക്കുവാനും, അവരില്‍ നിന്നും ത്വരീഖത്തുകളും, ഇജാസത്തുക്കളും ലഭ്യമാക്കുവാനും സന്ദര്‍ഭം ലഭിച്ചു.
വിദ്യാര്‍ത്ഥി ജീവിതകാലത്ത് തികഞ്ഞ സാത്വികനും, ശാന്തനുമായിരുന്ന അദ്ദേഹം ഏകാന്തതയില്‍ മുഴുകി ചിന്താധീനനായിരിക്കുക പതിവായിരുന്നു. ഈ സവിശേഷത കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പ്രകടമായി വന്നു. ബാഹ്യലോകത്തെ പൂര്‍ണ്ണമായി വിസ്മരിച്ചു കാട്ടിലും മലയിലും ആഴ്ചകളും മാസങ്ങളും  അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിച്ചുകൂട്ടി. സമകാലികര്‍ക്കൊക്കെ ഒരത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹം. മുണ്ടും ചിലപ്പോള്‍ തോളില്‍ ഒരു രണ്ടാം മുണ്ടും മാത്രമായി തെരുവീഥികളിലൂടെ അലക്ഷ്യമായി പോകുന്ന അദ്ദേഹത്തെ ആരോ ഒരാള്‍ എന്ന നിലയിലാണ് അപരിചിതരൊക്കെ കരുതിപ്പോന്നത്. അദ്ദേഹത്തെ പിന്നീട് മനസ്സിലാക്കുകയും, അദ്ദേഹത്തിന്റെ സിദ്ധികളെ പറ്റി അറിയുകയും ചെയ്ത ശേഷം അദ്ദേഹത്തോടു മാപ്പു പറയുവാനായി പലരും അദ്ദേഹത്തേയും തിരക്കി നാടായ നാടൊക്കെ അന്വേഷിച്ച് നിരാശപ്പെട്ടിരുന്നുവത്രേ. ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ദേശാടനവും അജ്ഞാതജീവിതവുമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. നാട്ടില്‍ 1939-ല്‍ തിരിച്ചെത്തിയ ശേഷം ഇതു തന്നെയായിരുന്നു സ്ഥിതി. ഐഹിക സുഖാഡംബരങ്ങള്‍ ആഗ്രഹിക്കാതിരിക്കുന്ന അദ്ദേഹം പ്രത്യേക സ്ഥലങ്ങളോ, സുഖസൗകര്യങ്ങളോ ആഗ്രഹിച്ചിരുന്നില്ല.


അദ്ദേഹത്തിന്റെ കറാമത്തുകളെ സംബന്ധിച്ച് അത്ഭുതകരങ്ങളായ നിരവധി സംഭവങ്ങള്‍ പഴമക്കാരും, അനുഭവസ്ഥരും പറഞ്ഞു പോരുന്നു. ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലുമായി സംസാരിച്ച് നില്‍ക്കുന്നതിനടക്ക് അപ്രത്യക്ഷനായിരുന്ന പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അതുപോലെ ഒരേ സമയം പല സ്ഥലങ്ങളില്‍ അദ്ദേഹത്തെ കണ്ടിരുന്നതായും പറയപ്പെടുന്നു. 1952-ല്‍ അദ്ദേഹം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു. എന്നാല്‍ പല ഹജ്ജ് വേളകളിലും അദ്ദേഹത്തെ ഹറമിന് സമീപം കണ്ടു സംസാരിച്ചവര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1971-ല്‍ മുടിക്കല്‍ ജാമിയ്യഃ ബദരിയ്യഃ അറബിക് കോളെജിലെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു കൊണ്ട് ആയിരക്കണക്കിന് ജനങ്ങളുടേയും, അബൂബക്കര്‍ മുസ്‌ലിയാരുടേയും സാന്നിദ്ധ്യത്തില്‍ മര്‍ഹും അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തനിക്കുണ്ടായ അനുഭവം വികാരാധീനനായി വിവരിച്ചപ്പോള്‍ മുസ്‌ലിയാരുടെ അത്ഭുതസിദ്ധി വിശേഷം കേട്ട് നാട്ടുകാര്‍ രോമാഞ്ചം കൊണ്ടു. അസാധാരണവും, അമാനുഷികവുമായി തോന്നുമെങ്കിലും അദ്ദേഹം ചെയ്തിട്ടുള്ളവയെപ്പറ്റി ബാഫഖി തങ്ങളെ പോലുള്ള സാത്വികര്‍ പലതും തുറന്നു പ്രസ്താവിക്കുമ്പോള്‍ അവയെ ഉല്‍പ്പതിഷ്ണുത്വത്തിന്റെ പേരില്‍ തള്ളി പറഞ്ഞിട്ടു കാര്യമില്ല.
ഇതേ വിസ്മയ ജന്യങ്ങളായ കറാമത്തുകളാണ് തന്റെയടുക്കല്‍ മാറാരോഗങ്ങളുമായെത്തിയിരുന്ന ആളുകള്‍ക്കദ്ദേഹം ഉപദേശിച്ചിരുന്ന പ്രതിവിധികളും, ചികിത്സകളും. സാധാരണ ഭിഷഗ്വരന്മാര്‍ പത്ഥ്യമായി പറഞ്ഞു പോരുന്നവക്ക് വിപരീതമായി പ്രമേഹരോഗിക്ക് പഞ്ചസാര ചികിത്സയും, സന്നിപാതത്തിന് എണ്ണയിട്ട് പച്ചവെള്ളത്തില്‍ കുളിയുമൊക്കെ ശാസ്ത്രീയ വീക്ഷണത്തില്‍ അപഹാസ്യമായി തോന്നാമെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസൃതം പ്രവര്‍ത്തിച്ചവര്‍ക്ക് പരിപൂര്‍ണ്ണ രോഗ വിമുക്തി കിട്ടിയതായി പറയുന്ന അനുഭവസ്ഥര്‍ ധാരാളമുണ്ട്.


അദ്ദേഹത്തിന് പണം ആരെങ്കിലും നല്‍കിയാല്‍ സ്വീകരിച്ചിരുന്നില്ല. നിര്‍ബന്ധമായി കെട്ടിയേല്‍പ്പിച്ചാല്‍ ആവശ്യക്കാരുടെ മദ്ധ്യത്തിലേക്ക് വലിച്ചെറിയുകയും പതിവായിരുന്നു. ഒരു വിധ സുഖഭോഗങ്ങളിലും തല്‍പ്പരനല്ലായിരുന്ന അദ്ദേഹം അധിക സമയവും പ്രാര്‍ത്ഥനയും ധ്യാനവുമായി കഴിച്ചു കൂട്ടി. മതവിധി പ്രകാരമുള്ള നമസ്‌ക്കാരാദി കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ അദ്ദേഹം അനുഷ്ഠിച്ചു പോന്നു. ലൗകിക സുഖാഢംബരങ്ങള്‍ വെടിഞ്ഞ്, രാപ്പകല്‍ ഭേദമില്ലാതെ, സ്ഥലകാല വിത്യാസമില്ലാതെ, വിശപ്പിനും ദാഹത്തിനും കീഴടങ്ങാതെ, കൂട്ടുകുടുംബാദികളെക്കുറിച്ച് വ്യാകുലപ്പെടാതെ എല്ലാം സൃഷ്ടാവിലര്‍പ്പിച്ച് അവന്റെ പ്രീതിയെ മാത്രം കാംക്ഷിച്ച് അവന്റെ 'ദാത്തും', 'സ്വിഫാത്തും', 'അഫ്ആലും' മാത്രം മുന്നില്‍ കണ്ടുകൊണ്ട് തഖ്‌വായിലൂടെ തീവ്രയത്‌നം നടത്തിയ ഒരു സാധാരണ മനുഷ്യന് അള്ളാഹു കനിഞ്ഞു നല്‍കിയ ഔന്നിത്യത്തിന് ഒരു മഹത്തായ തെളിവാണ് മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍. 1957 ജൂണില്‍ വാഹനാപകടത്തില്‍ കഥാവശേഷനാകുമായിരുന്ന അന്ധനും, വൃദ്ധനുമായ സുലൈമാന്‍ മൊല്ലയെ രക്ഷപ്പെടുത്തുന്ന പ്രക്രിയയില്‍ അദ്ദേഹത്തിന് അപകടം പറ്റി തൊളെല്ലൊടിഞ്ഞു. എറണാകുളം ജനറല്‍ ആസ്പത്രിയില്‍ നിന്നും പ്ലാസ്റ്ററിട്ട് മൂന്നു മാസത്തെ കാലാവധി കഴിഞ്ഞ് വീണ്ടും പരിശോധിക്കാമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിട്ടു. എന്നാല്‍ മൂന്നാഴ്ച തികയുന്നതിനുമുമ്പ് ഒരു ദിവസം സുബ്ഹി നിസ്‌കാരത്തിനു ശേഷം കത്രികയോ, കത്തിയോ ഒന്നും ഉപയോഗിക്കാതെ പ്ലാസ്റ്റര്‍ അതേ വിധം ഊരിമാറ്റിയിക്കുന്നതാണ് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ കണ്ടത്. ആ പ്ലാസ്റ്റര്‍ ഇന്നും സൂക്ഷിച്ചു പോരുന്നു.


1941-ല്‍ മുടിക്കലിലെ പുരാതന കുടുംബമായ കുടിലുങ്ങല്‍ ബുഖാരി സാഹിബിന്റെ മകള്‍ താജുന്നിസയെ അദ്ദേഹം വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ മൂന്നു പുത്രന്മാര്‍ ഭൂജാതരായെങ്കിലും ഒരാള്‍ ശൈശവത്തിലേ മരണമടഞ്ഞു. മറ്റു രണ്ടു പേരും മാതാവിനോടൊപ്പം മുടിക്കല്‍ മാടവന തറവാട്ടില്‍ താമസമാക്കി. വിവാഹിതനായിട്ടും തന്റെ ജീവിതക്രമത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 1963 മുതലാണ് അദ്ദേഹം വീടുമായി അല്‍പ്പാല്‍പ്പമായി ബന്ധപ്പെടുവാന്‍ തുടങ്ങിയത്. എല്ലാ മതസ്ഥരും ജാതിക്കാരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അധഃകൃതരുള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗത്തോടും സമഭാവനയോടുകൂടിയാണദ്ദേഹം പെരുമാറിയിരുന്നത്. അദ്ദേഹവുമായി നിതാന്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ കൂട്ടത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇടപ്പള്ളി അബൂബക്കര്‍ മുസ്‌ലിയാര്‍, കാരക്കാട് മാനു മുസ്‌ലിയാര്‍, മലപ്പുറം ചെറുകോയ തങ്ങള്‍, ശംസുല്‍ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, മുന്‍ സ്പീക്കര്‍ മൊയ്തീന്‍കുട്ടി എന്ന ബാവഹാജി എന്നിവര്‍ ഉള്‍പ്പെടുന്നു. ചേളാരിയിലെ പഴയ സമസ്താലയം കെട്ടിട ഉദ്ഘാടന വേദിയില്‍ അദ്ദേഹം മുഖ്യ അതിഥിയായിരുന്നു. തൊണ്ണൂറു വയസ്സു വരെ അദ്ദേഹം ജീവിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മൂന്നുനാലു ദിവസമേ അദ്ദേഹത്തിന് കിടക്കേണ്ടതായി വന്നുള്ളൂ. രോഗവിവരം അറിഞ്ഞ് ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു ജനങ്ങള്‍ മുടിക്കലുള്ള വീട്ടിലേക്കെത്തി. വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. വിദഗ്ദചികിത്സക്കൊന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. 1974 ജനുവരി 6-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. പിറ്റേ ദിവസം അഞ്ചുമണിക്ക് പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ വീടിനു എതിര്‍ വശം റോഡിനു തെക്കുഭാഗത്തായി പ്രത്യേകം സജ്ജമാക്കിയിരുന്ന സ്ഥലത്ത് ഖബറടക്കം നടത്തി. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് പരേതനായ പാണക്കാട് പൂക്കോയ തങ്ങളാണ് നേതൃത്വം കൊടുത്തത്. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ നൂറുകണക്കിനാളുകള്‍ നിത്യേന സന്ദര്‍ശനം നടത്തി സിയാറത്ത് ചെയ്തു വരുന്നു.

Madavana Abu Bakr Musliyar, renowned Sufi saint from Aluva–Mudikkal, transformed Kerala’s spiritual history through karamat, ascetic life, Islamic scholarship, and a legacy of devotion.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  7 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  7 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  8 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  8 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  8 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  8 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  8 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  8 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  8 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  8 days ago