ഗതാഗതപരിഷ്‌കാരം: സി.ഐ.ടി.യു - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
തൊടുപുഴ: വെങ്ങല്ലൂര്‍ നാലുവരിപ്പാത ജങ്ഷനില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴിതിരിച്ച് വിടാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.എ (സി.ഐ.ടി.യു) പ്രവര്‍ത്തകരും പ്രാദേശിക സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.എസ് നന്ദഗോപന് പരുക്കേറ്റു.
ഇതോടെ തൊടുപുഴയിലെ ഗതാഗത പരിഷ്‌കരണ വിഷയത്തില്‍ അസോസിയേഷനും പ്രാദേശിക നേതാക്കളും രണ്ടു തട്ടിലായി. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കെ.എസ്.ആര്‍.ടി.സി നിലപാടിനെതിരെ സ്ഥലത്തെത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി വര്‍ഗീസാണ് കഴിഞ്ഞ ഏഴിന് അസോസിയേഷന്‍ നഗരസഭ ഓഫിസിന് മുമ്പില്‍ നടന്ന സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്. ജൂണ്‍ 25 മുതല്‍ തൊടുപുഴയില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാത വഴി മങ്ങാട്ടുകവലയിലെത്തുകയും തുടര്‍ന്ന് വിമലാലയം വഴി ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ പരിഷ്‌കരണം പ്രൈവറ്റ് ബസ് ഉടമകളെ സഹായിക്കാനാണെന്നും കെഎസ്ആര്‍ടിസിക്ക് വളരെയധികം നഷ്ടം ഉണ്ടാക്കുന്നുവെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.
ഗതാഗത പരിഷ്‌കരണത്തെ തുടര്‍ന്ന് ദിനംപ്രതി ഒരുലക്ഷം രൂപ ഡിപ്പോയ്ക്ക് നഷ്ടമുണ്ടാകുന്നുതായി കെഎസ്ആര്‍ടിസി കണ്ടെത്തിയിരുന്നു. ബസുകളുടെ സമയക്രമത്തിലുള്ള വിത്യാസത്തിനെ തുടര്‍ന്ന് വൈകിയോടലും പതിവായി. ഇതിനെ തുടര്‍ന്നാണ് ബസുകള്‍ പഴയ രീതിയില്‍ തന്നെ ഓടാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ഒരു സംഘം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയ്ക്കാന്‍ ശ്രമിക്കുന്നതായി വ്യാപക ആക്ഷേപമുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ ബസ് പഴയ റൂട്ടിലൂടെ ഓടിക്കാന്‍ തീരുമാനിക്കുന്നത്. രാവിലെ മുതല്‍ തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ വെങ്ങല്ലൂര്‍ ജങ്ഷനിലെത്തി കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുകയും ആനക്കൂട് വഴി തിരിച്ചു വിടുകയും ചെയ്തു.
എന്നാല്‍ 12.30യോടെ സംഘടിച്ചെത്തിയ ചില സി.പി.എം കൗണ്‍സിലര്‍മാരും നേതാക്കളും ബസ് വഴിതിരിച്ചു വിടാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ചു. ഇതിനേച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമാകുകയും കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നന്ദഗോപനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പ്രതിഷേധമുണ്ടെണ്ടങ്കിലും ഓണക്കാലത്ത് മിന്നല്‍ പണിമുടക്ക് അടക്കമുള്ള സമരപരിപാടികള്‍ അവലംബിക്കുന്നത് യാത്രക്കാരെ വലയ്ക്കുമെന്നതിനാലാണ് അതിന് മുതിരാത്തതെന്ന് കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ കമ്മിറ്റി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാന നഷ്ടം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റിയും ട്രാഫിക് അഡ്‌വൈസറി കമ്മിറ്റിയും സ്വീകരിക്കുന്നില്ലെങ്കില്‍ 20ന് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക് സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."