സംസ്ഥാന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പ്; ആദ്യ ദിനത്തില്‍ ഇടുക്കിക്ക് സുവര്‍ണത്തിളക്കം
തൊടുപുഴ : തൊടുപുഴ വിമല പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച സബ്ജൂനിയര്‍,കേഡറ്റ് വിഭാഗം സംസ്ഥാന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ ആദ്യ ദിനത്തില്‍ ആതിഥേയരായ ഇടുക്കിക്ക് സുവര്‍ണ നേട്ടം.
വയനാടും നേട്ടമുണ്ടാക്കി.വിവിധ ഇനങ്ങളിലായി രണ്ട് സ്വര്‍ണം,മൂന്ന് വെള്ളി,ഒരു വെങ്കലം എന്നിവയിലേക്കാണ് ഇടുക്കിയുടെ കൊച്ചുമിടുക്കന്മാര്‍ വാള്‍ചുഴറ്റിയത്.
ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഇടുക്കിയുടെ ഫോയില്‍ ടീമും പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ എപ്പി ടീമുമാണ് സ്വര്‍ണം നേടിയത്.ഫോയിലിലും സാബ്‌റേയിലും വെള്ളിമെഡലുകളും ഇടുക്കിയുടെ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞു.സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ എപ്പി ടീം വെങ്കലവും സാബ്‌റേ ടീം വെള്ളിയും നേടി.
വയനാടിന്റെ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ സാബ്‌റേ,ഫോയില്‍ ടീമുകള്‍ സ്വര്‍ണം നേടി.ഫോയില്‍ ടീം വെള്ളിയും എപ്പി ടീം വെങ്കലവും നേടി.എപ്പിയില്‍ വെള്ളിയും ഇവര്‍ക്കു ലഭിച്ചു.വയനാടിന്റെ ആണ്‍കുട്ടികളുടെ സാബ്‌റേ ടീമിന് സ്വര്‍ണവും ഫോയില്‍ ടീമിന് വെള്ളിയും എപ്പി ടീമിന് വെങ്കലവും ലഭിച്ചു.
പത്തനംതിട്ടയുടെ സബ്ജൂനിയര്‍ (ആണ്‍)എപ്പി ടീമും സ്വര്‍ണം നേടി.മലപ്പുറത്തിന്റെ ഫോയില്‍ സബ്ജൂനിയര്‍ (ആണ്‍) ടീമിന് വെങ്കലം,എറണാകുളത്തിന്റെ എപ്പി ടീമിന് വെള്ളി,സാബ്‌റേ ടീമിന് വെങ്കലവും കിട്ടി.
സബ്ജൂനിയര്‍ (പെണ്‍) വിഭാഗത്തില്‍ കണ്ണൂര്‍ എപ്പി ടീമും സബ്ജൂനിയര്‍ (ആണ്‍) വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സാബ്‌റേ ടീമും വെങ്കലം നേടിയതുമാണ് ഇന്നലത്തെ മറ്റു വിജയങ്ങള്‍.
രാത്രിയിലും മല്‍സരങ്ങള്‍ തുടരുകയാണ്. വ്യക്തിഗത ഇനങ്ങള്‍ ഇന്നു നടക്കും.രാവിലെ സംസ്ഥാന ഫെന്‍സിങ് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി പള്ളന്‍ പതാക ഉയര്‍ത്തിയതോടെ രാവിലെ മല്‍സരങ്ങള്‍ ആരംഭിച്ചു.ഇതിനു മുന്നോടിയായി ഫെന്‍സര്‍മാരുടെ മാര്‍ച്ച് പാസ്റ്റും നടന്നു.ഫോയില്‍ ,സാബ്‌റേ,എപ്പി എന്നീ മൂന്ന് ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ക്ലമന്റ് ഇമ്മാനുവല്‍ അധ്യക്ഷനായിരുന്നു.സെക്രട്ടറി എം.എസ് പവനന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷാഹുല്‍ ഹമീദ്,ബിജി സുരേഷ്,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എലൈസ്,ഫാ.ജോസഫ് പാലപ്പിള്ളില്‍,ടോം ജെ കല്ലറയ്ക്കല്‍,എം മോനിച്ചന്‍,ശരത് യു. നായര്‍, എം എന്‍ നാരായണന്‍കുട്ടി,ഇ.വി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."