ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ
ദമസ്‌കസ്: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടം നിരീക്ഷിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' സമിതിയില്‍ ചേരാനുള്ള ക്ഷണം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു. നെതന്യാഹു സമിതിയില്‍ ചേരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ നടപടി.
ഗസ്സയില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന നെതന്യാഹു തന്നെ സമാധാന സമിതിയില്‍ അംഗമാകുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നെതന്യാഹു സമിതിയിലുണ്ടാകുന്നത് സമിതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഫലസ്തീന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഗസ്സയുടെ പുനര്‍നിര്‍മ്മാണം, ഭരണം, നിക്ഷേപം, പ്രാദേശിക ബന്ധങ്ങള്‍ എന്നിവ മേല്‍നോട്ടം വഹിക്കുന്നതിനായി ട്രംപ് ചെയര്‍മാനായി രൂപീകരിച്ച ഉന്നതതല സമിതിയില്‍ യു.എ.ഇ, മൊറോക്കോ, ഹംഗറി, വിയറ്റ്‌നാം, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ചേര്‍ന്നിട്ടുണ്ട്. ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെയും സമിതിയിലേക്ക് ട്രംപ് ക്ഷണിച്ചിരുന്നു. അതേസമയം, ചൈനയും സ്വീഡനും നോര്‍വേയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമിതിയുടെ ഘടനയിലും നിബന്ധനകളിലും വിയോജിപ്പ് പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."