മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പം ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കി സുപ്രിം കോടതി. ഹിന്ദുമത വിഭാഗങ്ങള്‍ക്ക് ബസന്ത് പഞ്ചമി സമയത്ത് വെള്ളിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പ്രാര്‍ത്ഥിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതുപോലെ മുസ്‌ലിംകള്‍ക്ക് ഉച്ചക്ക് ഒരുമണി മുതല്‍ മൂന്നുമണി വരെയും വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താം.
അതേസമയം, ജുമുഅ നമസ്‌കരിക്കാന്‍ വരുന്നവരുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും ക്രമസമാധാന പാലനത്തിന് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കണമെന്നും സുപ്രിം കോടതി ഇരുവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു.
ബസന്ത് പഞ്ചമി ദിനത്തില്‍ പള്ളി സമുച്ചയത്തില്‍ പ്രാര്‍ഥന നടത്താന്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക അവകാശ നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ജനുവരി രണ്ടിനാണ് സംഘടന ഹരജി നല്‍കിയത്. കോടതി ഈ ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുകയയിരുന്നു.
നിലവില്‍ 2003ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉത്തരവ് പ്രകാരം മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ഒരു മണിമുതല്‍ മൂന്നുമണി വരെ നമസ്‌കരിക്കാന്‍ അനുമതിയുണ്ട്. ഉത്തരവ് പ്രകാരം ബസന്ത് പഞ്ചമി ദിനത്തില്‍ ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥന നടത്താം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അവര്‍ക്ക് പ്രത്യേക പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഉത്തരവില്‍ വെള്ളിയാഴ്ച നമസ്‌കാരവും ബസന്ത് പഞ്ചമിയും ഒത്തുവരുമ്പോള്‍ എന്തു ചെയ്യണമെന്ന് പറയുന്നില്ലെന്നും ഈ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബസന്ത് പഞ്ചമിക്ക് മുന്നോടിയായി മധ്യപ്രദേശിലെ ധറില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫ്, ആര്‍.എ.എഫ് എന്നിവരുള്‍പ്പെടെ ഏതാണ്ട് 8000 പൊലിസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പൊലിസ് പട്രോളിങും നടത്തുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. നഗരത്തിലുടനീളമുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും പൊലിസ് പരിശോധിക്കുകയാണ്.
the supreme court has permitted both hindus and muslims to offer prayers at the kamal maula mosque complex in madhya pradesh during basant panchami, laying down specific time slots and urging mutual respect and cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."