ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ
അബുദബി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും നാട്ടിലേക്ക് മടങ്ങാൻ പണമില്ലാതെ യുഎഇയിലെ ജയിലുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ പ്യുവർ ഗോൾഡുമായി സഹകരിച്ചാണ് അർഹരായ തടവുകാർക്ക് സൗജന്യ വിമാനടിക്കറ്റുകൾ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജയിൽ മോചനം വൈകുന്നവർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രയാസപ്പെടുന്നവർക്കും ഈ പദ്ധതി വലിയ അനുഗ്രഹമാകും.
2025-ൽ മാത്രം പദ്ധതിയിലൂടെ 2,821 തടവുകാർ മോചിതരായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 1,983 പേർക്ക് പ്യുവർ ഗോൾഡ് ഗ്രൂപ്പിന്റെ നേരിട്ടുള്ള സഹായത്തോടെയാണ് വിമാനടിക്കറ്റുകൾ ലഭ്യമാക്കിയത്. ജയിൽ മോചിതരാകുന്നവർക്ക് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാനും അന്തസ്സോടെ ജീവിതം പുനരാരംഭിക്കാനും ഈ സംരംഭം അവസരമൊരുക്കും.
സ്വകാര്യ മേഖലയും ജീവകാരുണ്യ പ്രസ്ഥാനങ്ങളും കൈകോർക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഖലീഫ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി അൽഖൂരി പറഞ്ഞു. തടവുകാരുടെ സാമൂഹികവും മാനസികവുമായ സ്ഥിരത ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്യുവർ ഗോൾഡ് ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ ഫിറോസ് ബിൻ ഗുലാം ഹുസൈന്റെ നേതൃത്വത്തിലാണ് ഈ ജീവകാരുണ്യ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഒരു പുതിയ തുടക്കത്തിനുള്ള അവസരം നൽകുക എന്നത് മാനുഷികമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തമായ ആസൂത്രണത്തിലൂടെയും ശക്തമായ പങ്കാളിത്തത്തിലൂടെയും വരും വർഷങ്ങളിലും കൂടുതൽ പേരിലേക്ക് ഈ സഹായം എത്തിക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
khalifa foundation steps in to support prisoners remaining in jail despite completing sentences due to financial difficulties. humanitarian assistance helps clear dues enabling release while reinforcing social justice rehabilitation compassion and reintegration efforts across the uae correctional system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."