10 ലക്ഷം രൂപയുടെ ഐഫോൺ തട്ടിപ്പ്; കുവൈത്തിൽ ഇന്ത്യൻ പ്രവാസിയെ വഞ്ചിച്ച് ഈജിപ്തുകാരൻ നാടുവിട്ടു
കുവൈത്ത് സിറ്റി: വിപണിയിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ ഒമ്പത് ഐഫോൺ പ്രോ മാക്‌സ് ഫോണുകളും ആപ്പിൾ വാച്ചും ഹെഡ്‌ഫോണുകളും നൽകാമെന്ന് വാഗ്‌ദാനം നൽകി ഇന്ത്യൻ പ്രവാസിയെ വഞ്ചിച്ച കേസിൽ ഈജിപ്ഷ്യൻ പൗരൻ നാടുവിട്ടതായി കുവൈത്ത് പൊലീസ്.
ഏകദേശം 10 ലക്ഷം രൂപയുടെ ( കെ.ഡി 3,838 ) ഇടപാടാണ് നടന്നത്. യാതൊരു ഉറപ്പുമില്ലാതെ വിശ്വാസത്തിന്റെ പേരിലാണ് കച്ചവടം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
റിപ്പോർട്ടനുസരിച്ച്, പ്രതി ജോലി ചെയ്തിരുന്ന മൊബൈൽ ഫോൺ ഷോപ്പ് അടച്ചശേഷം സ്വകാര്യ ഇടപാടിനായി ഉപകരണങ്ങൾ കൈമാറുകയായിരുന്നു. എന്നാൽ പണം നൽകി വീട്ടിലെത്തിയ ശേഷം ബോക്‌സുകൾ പരിശോധിച്ചപ്പോൾ ഫോണുകൾക്ക് പകരം ഉപയോഗിച്ച പാഡ്ലോക്കുകൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ പ്രവാസി ഉടൻ തന്നെ ജഹ്റ പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. തുടർ അന്വേഷണത്തിൽ പ്രതി ഇടപാട് നടന്നതിന് മണിക്കൂറുകൾക്കകം രാജ്യം വിട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ഇതിനുമുമ്പും സമാന രീതിയിലുള്ള തട്ടിപ്പുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
സാധാരണ വിപണി വിലയെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ച് സ്വകാര്യ ഇടപാടുകളിൽ, സാധനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താതെ പണം കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
An Indian expatriate in Kuwait was defrauded after purchasing nine iPhone Pro Max devices, an Apple Watch, and headphones from an Egyptian seller, only to find padlocks inside the boxes. The suspect fled the country hours after the transaction, and police have launched further investigations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."