പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ
ദുബൈ: യുഎഇയിലെ പ്രമുഖ പാർക്കിംഗ് മാനേജ്‌മെന്റ് കമ്പനിയായ പാർക്കോണിക് (Parkonic) തങ്ങളുടെ പണമടച്ചുള്ള പാർക്കിംഗ് സംവിധാനത്തെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 2026 ജനുവരിയിലെ കണക്കനുസരിച്ച് രാജ്യത്തെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ പാർക്കോണിക് സേവനം ലഭ്യമാണ്.
ദുബൈയിലെ ഡിസ്കവറി ഗാർഡൻസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉയർന്ന പാർക്കിംഗ് നിരക്ക് ഈടാക്കുന്നതിനെതിരെ താമസക്കാർക്കിടയിൽ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ വിശദീകരണം.
ഓരോ പ്രദേശത്തും പാർക്കിംഗ് നിരക്കുകൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് കമ്പനി നൽകുന്നത്. നഗരവ്യാപകമായ ഒരു ഏകീകൃത നിരക്കിന് പകരം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ചുള്ള 'കമ്മ്യൂണിറ്റി പാർക്കിംഗ് പ്ലാൻ' ആണ് നടപ്പിലാക്കുന്നത്.
ഓരോ പ്രദേശത്തെയും ഭൂമിയുടെ ഉടമസ്ഥാവകാശവും അതത് ഡെവലപ്പർമാരുടെ നയങ്ങളും കരാറുകളും മുൻനിർത്തിയാണ് പാർക്കിംഗ് നിരക്കുകൾ നിശ്ചയിക്കുന്നത്. അതിനാൽ തന്നെ രാജ്യവ്യാപകമായി ഒരൊറ്റ സ്റ്റാൻഡേർഡ് താരിഫിന് പകരം, ഓരോ കമ്മ്യൂണിറ്റിയുടെയും പ്രത്യേക ചട്ടക്കൂടിനുള്ളിൽ നിന്നാണ് പാർക്കോണിക് പ്രവർത്തിക്കുന്നത്.
ജനസാന്ദ്രത കൂടിയതും പാർക്കിംഗ് സൗകര്യം പരിമിതവുമായ മേഖലകളിൽ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ കടുപ്പമേറിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ, ട്രാഫിക് പാറ്റേണുകൾ, വാഹനങ്ങളുടെ ഉപയോഗ രീതി, പ്രാദേശികമായ പ്രവർത്തന ചെലവുകൾ എന്നിവയും ഓരോ ലൊക്കേഷനിലെയും ഫീസ് ഘടനയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
സാധാരണയായി ദുബൈ ആർടിഎ പാർക്കിംഗുകളിൽ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ഫീസ് ഈടാക്കാറില്ല. എന്നാൽ പാർക്കോണിക് നിയന്ത്രിക്കുന്ന ഡിസ്കവറി ഗാർഡൻസ് പോലുള്ള ഇടങ്ങളിൽ എല്ലാ ദിവസവും ഫീസ് നൽകണം. ഇതൊരു സ്വകാര്യ റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയായതിനാലാണ് ഈ മാറ്റം.
അവിടത്തെ പ്രത്യേക ചട്ടക്കൂട് അനുസരിച്ചാണ് അവധി ദിവസങ്ങളിലും നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ സർക്കാർ പാർക്കിംഗുകളിലെ ഇളവുകൾ ഇവിടെ ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഡിസ്കവറി ഗാർഡൻസിലെ പ്രതിമാസ അംഗത്വ നിരക്കായ 945 ദിർഹത്തെക്കുറിച്ചുള്ള ആശങ്കകൾക്കും കമ്പനി മറുപടി നൽകി. ഓരോ താമസക്കാരനും അനുവദിച്ചിട്ടുള്ള സൗജന്യ പാർക്കിംഗിന് പുറമെ അധികമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ഈ നിരക്ക് ബാധകമാകുന്നത്. ഡിമാൻഡ് മാനേജ്‌മെന്റ്, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്.
പാർക്കിംഗ് സ്ഥലങ്ങൾ വ്യക്തികൾ തമ്മിൽ വാടകയ്ക്ക് നൽകുന്നതിനെയോ പങ്കിടുന്നതിനെയോ പാർക്കോണിക് അംഗീകരിക്കുന്നില്ല. അംഗീകൃത ഡിജിറ്റൽ ചാനലുകൾ വഴി മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാവൂ. ദുരുപയോഗം തടയുന്നതിനായി കർശനമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
താമസക്കാരുടെ പരാതികൾ പരിശോധിച്ച് വരികയാണെന്നും ഭാവിയിൽ നിരക്കുകളിൽ മാറ്റമുണ്ടായാൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും പാർക്കോണിക് അറിയിച്ചു.
authorities clarify reasons behind changes in parkonic parking rates explaining variable pricing peak hours and public holiday fees. officials say the system aims to improve traffic flow parking availability transparency and efficient urban mobility while informing motorists about updated rules and payment structures
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."