തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരം: ജനുവരി 24 മുതൽ ജനുവരി 27 വരെ രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കും. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിന അവധിയും കഴിഞ്ഞ് 27-ാം തീയതി ബാങ്ക് സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കും ചേരുന്നതോടെയാണ് തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം നിലയ്ക്കുന്നത്.
അവധി പട്ടിക ഇപ്രകാരം:
- ജനുവരി 24: നാലാം ശനി (അവധി)
- ജനുവരി 25: ഞായർ (അവധി)
- ജനുവരി 26: റിപ്പബ്ലിക് ദിനം (പൊതുഅവധി)
- ജനുവരി 27: ബാങ്ക് പണിമുടക്ക്
ജനുവരി 27-ലെ പണിമുടക്ക് എന്തിന്?
ബാങ്ക് പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (UFBU) നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രമാണ് അവധി. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ജീവനക്കാരുടെ വിട്ടുവീഴ്ച:
ആഴ്ചയിൽ 5 ദിവസം ജോലി മതിയെന്നും പകരം തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും സംഘടനകൾ അറിയിച്ചു.ആർ.ബി.ഐ, എൽ.ഐ.സി, ഓഹരി വിപണികൾ എന്നിവ നിലവിൽ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാങ്കുകൾ കൂടി ഈ രീതിയിലേക്ക് മാറുന്നത് ഇടപാടുകാരെ ബാധിക്കില്ലെന്ന് യൂണിയനുകൾ അവകാശപ്പെടുന്നു.
ഇടപാടുകാർ ശ്രദ്ധിക്കാൻ
ഡിജിറ്റൽ ഇടപാടുകളും മൊബൈൽ ബാങ്കിംഗും തടസ്സമില്ലാതെ തുടരുമെങ്കിലും ബാങ്ക് ശാഖകൾ വഴി നടത്തേണ്ട പണമിടപാടുകൾ, ചെക്ക് ക്ലിയറൻസ് തുടങ്ങിയവ മുടങ്ങും. പണിമുടക്ക് ദിവസം എടിഎമ്മുകളിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ തുക മുൻകൂട്ടി കരുതുന്നതാണ് ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."