പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
നാഗ്പൂർ: നാഗ്പൂരിലെ ജരിപട്ക പൊലിസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് പ്രതി ലോക്കപ്പിനുള്ളിൽ ആത്മഹത്യ ചെയ്തത് വലിയ സുരക്ഷാവീഴ്ചയായി മാറുന്നു. പ്രയാഗ്‌രാജിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന ബി.എസ്.സി വിദ്യാർത്ഥിയായ നാഗേന്ദ്രകുമാർ ഭാരതീയ (19) ആണ് വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ മരിച്ചത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലിസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തു.
ആത്മഹത്യ ബെഡ്ഷീറ്റ് ഉപയോഗിച്ച്
കോടതി രണ്ട് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടിരുന്ന പ്രതിക്ക് തണുപ്പകറ്റാൻ നൽകിയ ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.ബെഡ്ഷീറ്റ് കീറി കയറാക്കി ലോക്കപ്പിന്റെ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ടോയ്‌ലറ്റിലെ ബിൻ ചവിട്ടാൻ സ്റ്റൂളായി ഉപയോഗിച്ചതായാണ് വിവരം.പുലർച്ചെ 4.45-നും 5-നും ഇടയിലാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ലോക്കപ്പിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിച്ചില്ല.
കേസിന്റെ പശ്ചാത്തലം
നാഗ്പൂർ സ്വദേശിനിയായ 16-കാരിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന് ഉത്തർപ്രദേശിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്ന പരാതിയിലാണ് നാഗേന്ദ്ര അറസ്റ്റിലായത്. ഡിസംബറിൽ പെൺകുട്ടിയെ നാഗ്പൂരിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സി.ഐ.ഡി അന്വേഷണം
പൊലിസ് കസ്റ്റഡിയിലെ മരണം എന്ന നിലയിൽ കേസ് സ്റ്റേറ്റ് സി.ഐ.ഡി (CID) ഏറ്റെടുത്തു. സിസിടിവി ദൃശ്യങ്ങൾ, സ്റ്റേഷൻ ഡയറി എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു."മകൻ കൊല്ലപ്പെട്ടതാണ്, ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല" - നാഗേന്ദ്രയുടെ മാതാപിതാക്കൾ പറയുന്നത്
നാഗ്പൂരിലെത്തിയ മാതാപിതാക്കൾ പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് നാഗ്പൂർ പൊലിസ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."