മധ്യപ്രദേശില്‍ വീണ്ടും മലിനജലം; ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ വീണ്ടും മലിനജല ദുരന്തം. ഇന്‍ഡോറില്‍ മലിനജലം കുടിച്ചുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 22 പേര്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. മലിനജല ദുരന്തത്തില്‍ 25 പേര്‍ മരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് അടുത്ത സംഭവം.
ഇന്‍ഡോറിലെ മൊഹോ ഏരിയയിലാണ് നിലവിലെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 22 പേര്‍ക്കാണ് ദേഹാസസ്വാസ്ഥ്യങ്ങള്‍ കണ്ടത്. ഇതില്‍ ഒമ്പതുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗബാധിതര്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും 25ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ജില്ലാ കലക്ടര്‍ ശിവം വര്‍മ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മേഖലയില്‍ നിരീക്ഷണത്തിന് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.
ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത മലിനജലം കുടിച്ച് നേരത്തെ നിരവധിപേര്‍ മരിച്ചിരുന്നു. 15 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 25 പേര്‍ മരിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. മലിനജലം കുടിച്ചതിനെ തുടര്‍ന്നുണ്ടായ ഛര്‍ദിയും വയറുവേദനയുമാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
at least 22 people have reported health issues after consuming contaminated water in indore, madhya pradesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."