ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ
ബെംഗളൂരു: ഭാര്യയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിതീർത്ത് മൃതദേഹം സംസ്കരിക്കാനുള്ള ശ്രമത്തിനിടെ യുവാവ് പൊലിസിന്റെ പിടിയിലായി. കർണാടകയിലെ ബെലഗാവിയിൽ ഫക്രിയപ്പ ഗിലക്കനവർ എന്നയാളാണ് തന്റെ 21 വയസ്സുകാരിയായ ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
സംശയമുണർത്തിയത് കഴുത്തിലെ പാടുകൾ
രാജേശ്വരി മരിച്ച വിവരം അറിഞ്ഞ് അന്ത്യകർമങ്ങൾക്കായി എത്തിയ ബന്ധുക്കളാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. രാജേശ്വരിയുടെ കഴുത്തിൽ പാടുകൾ കണ്ടതോടെ മാതാപിതാക്കൾക്ക് ഹൃദയാഘാതമെന്ന ഭർത്താവിന്റെ വാദത്തിൽ വിശ്വാസം തോന്നിയില്ല. ഇവർ ഉടൻ തന്നെ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയതോടെ മരണം സ്വാഭാവികമല്ലെന്ന് ബോധ്യപ്പെട്ടു.
കൊലപാതകത്തിലേക്ക് നയിച്ചത് പീഡനം
മൂന്ന് വർഷം മുൻപായിരുന്നു രാജേശ്വരിയുടെയും ഫക്രിയപ്പയുടെയും വിവാഹം. കുട്ടികളില്ലാത്തതിന്റെ പേരിൽ ഫക്രിയപ്പ രാജേശ്വരിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന തർക്കത്തിനൊടുവിൽ പ്രകോപിതനായ ഫക്രിയപ്പ രാജേശ്വരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഇയാൾ കള്ളം പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമായി
ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ രാജേശ്വരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ഫക്രിയപ്പയെ പൊലിസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."