യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്
ദുബൈ: യുഎഇയിൽ കടുത്ത തണുപ്പ് തുടരുന്നു. രാജ്യത്തുടനീളം താപനില സാധാരണയേക്കാൾ താഴെയാണ്. വരുംദിവസങ്ങളിൽ ജബൽ ജെയ്‌സിൽ പുലർച്ചെ താപനില പൂജ്യത്തിന് താഴെയാകാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു.
ഏഷ്യൻ പീഠഭൂമിയിൽ നിന്നുള്ള തണുത്ത വടക്ക്–വടക്കുകിഴക്കൻ കാറ്റുകളാണ് തണുപ്പിന് കാരണം. പ്രാദേശികമായി ‘റിയാ അൽ നാഷ്’ എന്നറിയപ്പെടുന്ന കാറ്റാണ് നിലവിൽ രാജ്യത്തനുഭവപ്പെടുന്ന ശൈത്യത്തിനു കാരണം.
ബനാത് നാഷ് നക്ഷത്രങ്ങളുടെ ദിശയിൽ നിന്നാണ് ഈ കാറ്റുകൾ വീശുന്നത്. വളരെ കുറഞ്ഞ താപനിലയുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇവയുടെ ഉദ്ഭവം. ഈ കാറ്റുകൾ തണുത്ത വായു പിണ്ഡത്തെ യുഎഇയിലേക്ക് തള്ളിക്കൊണ്ടുവരുന്നു. ഇക്കാരണത്താലാണ് താപനില കുറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മിക്ക നഗരങ്ങളിലും പകൽ താപനില 20 ഡിഗ്രിക്ക് മുകളിലേക്കുയർന്നിരുന്നില്ല. 1,200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ താപനില 10 ഡിഗ്രിക്ക് താഴെയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 1,900 മീറ്റർ ഉയരമുള്ള ജബൽ ജെയ്‌സിൽ താപനില 5 ഡിഗ്രിക്കും താഴെയായിരുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും അതീവ തണുപ്പാണ് ഇവിടെ അനുഭവപ്പെട്ടത്.
രേഖപ്പെടുത്തിയ താപനിലയെക്കാൾ കൂടുതൽ തണുപ്പാണ് ശരീരത്തിന് തോന്നുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇത് ‘വിൻഡ് ചിൽ’ എന്ന ശാസ്ത്രീയ പ്രതിഭാസം മൂലമാണ്. കാറ്റിന്റെ വേഗം കൂടുമ്പോൾ ശരീരത്തിലെ ചൂട് വേഗത്തിൽ നഷ്ടമാകുന്നു. അതിനാൽ താപനില പൂജ്യത്തിനടുത്തായാൽ 5 മുതൽ 6 ഡിഗ്രി വരെ താഴെയായി തോന്നാം.
ജനുവരി 15 മുതൽ ഫെബ്രുവരി 10 വരെയാണ് സാധാരണയായി ഏറ്റവും തണുപ്പുള്ള കാലം.
ജനുവരി 12 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്.
ജബൽ ജെയ്‌സ് കാലാവസ്ഥാ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 5.45ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഈർപ്പം 100 ശതമാനമായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറിൽ 24 കിലോമീറ്ററായിരുന്നു.
കാലാവസ്ഥാ കേന്ദ്രം 1,480 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊടുമുടിയിൽ താപനില പൂജ്യത്തിന് താഴെയായിരിക്കാമെന്നാണ് വിലയിരുത്തൽ. ഉയർന്ന ഈർപ്പം കാരണം മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നാളെ മുതൽ തണുപ്പ് ക്രമേണ കുറയുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
uae experiences intense winter chill as cold air masses from northern asia lower temperatures nationwide, pushing jebel jais below zero, increasing wind chill effects, frost risk, and early morning cold alerts across mountainous regions during january peak winter period conditions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."