കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ദാറിലുള്ള കമല്‍ മൗലാ പള്ളിയില്‍ സുപ്രിംകോടതിയുടെ അനുമതിയോടെ ബസന്ത് പഞ്ചമി പൂജയും ജുമുഅ നിസ്‌കാരവും നടന്നു. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കനത്ത സുരക്ഷയിലാണ് നിസ്‌കാരവും പൂജാ ചടങ്ങുകളും നടന്നത്. ഈ വര്‍ഷം വസന്ത പഞ്ചമിയും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നതിനെത്തുടര്‍ന്നാണ് കോടതി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഹിന്ദുക്കള്‍ക്ക് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പൂജ നടത്താനും മുസ്ലിംകള്‍ക്ക് ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3 മണി വരെ ജുമുഅ നടത്താനും ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചൗലി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ അനുമതി നല്‍കിയിരുന്നത്. ഇരുവിഭാഗങ്ങള്‍ക്കും പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേക വഴികള്‍ ഭരണകൂടം സജ്ജീകരിച്ചിരുന്നു.
ഇതുപ്രകാരം ഏകദേശം 8,000ത്തോളം പോലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് പ്രദേശം മുഴുവന്‍ നിരീക്ഷണത്തിലായിരുന്നു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയയും കര്‍ശനമായി നിരീക്ഷിച്ചു. യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക് മിശ്ര അറിയിച്ചു.
പുലര്‍ച്ചെ തന്നെ ഭോജ് ഉത്സവ് സമിതിയുടെ നേതൃത്വത്തില്‍ ദേവീ വിഗ്രഹത്തില്‍ പൂജകളും ആതിയും ആരംഭിച്ചു. 'അഖണ്ഡ പൂജ'യുടെ ഭാഗമായി ഹവാന്‍ കുണ്ഡില്‍ ആഹുതികളും സമര്‍പ്പിച്ചു. കാവി പതാകകളും പൂക്കളും കൊണ്ട് സമുച്ചയം അലങ്കരിച്ചു.
ഒരു മണിക്ക് മുമ്പ് തന്നെ പ്രദേശത്ത് മുസ്ലിംകള്‍ എത്തിയിരുന്നുവെങ്കിലും നിശ്ചയിച്ച സമയത്ത് മാത്രമാണ് വിശ്വാസികളെ കയറ്റിവിട്ടത്. ജുമുഅ നിസ്‌കരിച്ച ശേഷം പ്രാര്‍ത്ഥനകളും മറ്റും പൂര്‍ത്തിയാക്കി വിശ്വാസികള്‍ മടങ്ങുകയും ചെയ്തു.
നിലവില്‍ പുരാവസ്തു വകുപ്പിന്റെ 2003ലെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്കും വെള്ളിയാഴ്ചകളില്‍ മുസ്ലീങ്ങള്‍ക്കും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ട്. എന്നാല്‍ രണ്ട് വിശേഷ ദിവസങ്ങളും ഒത്തു വന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള 11ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന പള്ളിയെ ഒരുവിഭാഗം ഹിന്ദുക്കള്‍ സരസ്വതി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഭോജ് ശാല ക്ഷേത്രമെന്നാണ് വിളിക്കുന്നത്.
Peace prevailed at the disputed 11th-century Bhojshala-Kamal Maula Mosque complex in Madhya Pradesh’s Dhar district on Friday, January 23, as Hindus performed puja to mark Basant Panchami festival while Muslims offered prayer (namaz) within the same premises but at a different location.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."