അസ്ലം വധം: അന്വേഷണം പ്രഹസനമായാല്‍ കനത്ത പ്രക്ഷോഭം നടത്തും- സാദിഖലി തങ്ങള്‍
നാദാപുരം: യൂത്ത്ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റുചെയ്യാന്‍ ഇനിയും വൈകിയാല്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അസ്ലമിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്നിട്ട് ഒരു മാസമായിട്ടും യഥാര്‍ഥ പ്രതികളെ തൊടാന്‍ പോലും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. കൈയില്‍കിട്ടിയ പ്രതി പൊലിസിന്റെ കണ്ണു വെട്ടിച്ചു കടന്നുകളഞ്ഞെന്നു പറയുമ്പോള്‍ പൊലിസും പാര്‍ട്ടി നേതാക്കളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നു സംശയിക്കുന്നു. പ്രമാദമായ പല കേസുകളും പെട്ടെന്നു തെളിയിച്ച കേരളാ പൊലിസ് ഈ കേസിലെ പ്രതികളെ കുറിച്ച് എല്ലാ വിവരങ്ങളും ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ മടിച്ചുനില്ക്കുന്നത് ആരുടെ സമ്മര്‍ദ ഫലമാണെന്നു ജനങ്ങള്‍ക്കു നന്നായി അറിയാമെന്നും തങ്ങള്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11നാണ് അസ്ലമിന്റെ മാതാവ് സുബൈദയും കുടുംബവും താമസിക്കുന്ന കക്കംവള്ളിയിലെ വീട്ടില്‍ തങ്ങളെത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം പ്രാര്‍ഥന നടത്തിയാണു തങ്ങള്‍ മടങ്ങിയത്. നിയോജക മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ദേശീയ കൗണ്‍സില്‍ അംഗം സൂപ്പി നരിക്കാട്ടേരി, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ്, കെ.പി.സി തങ്ങള്‍, മണ്ടോടി ബശീര്‍ മാസ്റ്റര്‍, എം.കെ അഷ്റഫ്, കെ.എം സമീര്‍, ഹാരിസ് കൊത്തിക്കുടി, ടി.കെ റഫീഖ് എന്നിവരും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."