ബീവറേജസ് ഔട്ട്‌ലെറ്റിന്റെ 'നഷ്ടം നികത്താന്‍' മുക്കത്ത് ബിയര്‍ പാര്‍ലര്‍ കൊണ്ടുവരാന്‍ നീക്കം
മുക്കം: മുക്കം അങ്ങാടിയില്‍ വീണ്ടും മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ നീക്കം നടക്കുന്നതായി സൂചന. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനാണ് നീക്കമെന്നറിയുന്നു. ഇതിനായി സ്ഥലം തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി.
നേരത്തെ മുക്കത്ത് ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്നു.സംസ്ഥാന പാതയോരത്ത് ആശുപത്രിപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് നാട്ടുകാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കുമടക്കം വലിയ ശല്യമായി മാറിയതോടെ എം.ഐ ഷാനവാസ് എം.പിയുടെ പ്രത്യേക താല്‍പര്യപ്രകാരം കഴിഞ്ഞ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ അടച്ചു പൂട്ടിയ ഔട്ട്‌ലെറ്റുകളുടെ കൂട്ടത്തില്‍ ഇതും അടച്ചു പൂട്ടുകയായിരുന്നു. ഇതോടെ മുക്കത്തെ സാമൂഹ്യ വിരുദ്ധശല്യത്തിനും ഒരു പരിധി വരെ പരിഹാരമായി. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ മുക്കത്ത് വീണ്ടും മദ്യശാല തുടങ്ങാന്‍ നീക്കം നടക്കുകയായിരുന്നു. നഗരസഭ ഭരിക്കുന്നത് സി.പി.എം ആയതിനാല്‍ ഇതിന് എന്‍.ഒ.സി ലഭിക്കാന്‍ പ്രയാസമുണ്ടാവില്ല.കഴിഞ്ഞ സി.പി.എം പഞ്ചായത്ത് ഭരണസമിതിയാണ് മുക്കത്ത് സ്വകാര്യ ഹോട്ടലില്‍ ബിയര്‍ വൈന്‍ പാര്‍ലറിന് അനുമതി നല്‍കിയിരുന്നത്.
പുതിയതായി മുക്കത്ത് ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനും തത്വത്തില്‍ തീരുമാനമായതായാണ് അറിവ്. സൗകര്യപ്രദമായ സ്ഥലം ലഭിച്ചാല്‍ ഉടന്‍ തന്നെ ഇത് തുറക്കുമെന്നാണ് സൂചന. അതേസമയം, പാര്‍ലര്‍ തുടങ്ങുമെന്ന സൂചന ലഭിച്ചിട്ടും പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികളും ഇതുവരെ രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിലെ 3 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പാര്‍ലറിന് അനുമതി നേടിയത്. നേരത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് പൂട്ടിയതോടെ മുക്കം അങ്ങാടിയില്‍ വ്യാപാരം വലിയ രീതിയില്‍ കുറഞ്ഞതായി ആക്ഷേപമുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഒരു വിഭാഗം വ്യാപാരികളുടെ പിന്തുണയും പുതിയ ബിയര്‍ വൈന്‍ പാര്‍ലറിനുണ്ട്.
നേരത്തെ സ്വകാര്യ ബാറിന് എന്‍.ഒ.സി നല്‍കിയതുമായി ബന്ധപ്പെട്ട് മുക്കത്ത് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു എങ്കിലും പൊടുന്നനെ ഇതിന്റെ പ്രവര്‍ത്തനവും നിലച്ചിരുന്നു. അത് കൊണ്ട് തന്നെ കാര്യമായ എതിര്‍പ്പ് ഉയര്‍ന്ന് വരാനുള്ള സാധ്യതയും ഇല്ല എന്നതും പാര്‍ലറിന് അനുകൂല ഘടകമാണ്. ആദ്യഘട്ടത്തില്‍ വലിയ രീതിയില്‍ സമരവുമായെത്തിയ ആക്ഷന്‍ കമ്മിറ്റി പിന്നീട് ഒരു ഘട്ടത്തിലും സമരവുമായി എത്തിയിരുന്നില്ല.
അതേ സമയം മുക്കത്ത് ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനുളള നീക്കത്തിനെതിരേ ചില കോണുകളില്‍ നിന്ന് ഒറ്റപെട്ട പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."