ഓണം: കായ വറുത്തതിനും ശര്‍ക്കര ഉപ്പേരിക്കും പൊന്നുംവില
കോഴിക്കോട്: വറുത്ത ഉപ്പേരിയും ശര്‍ക്കര ഉപ്പേരിയും കായ വറുത്തതുമില്ലാതെ മലയാളിക്ക് ഓണമുണ്ണുക പ്രയാസമാണ്. ഇത്തവണ ഓണമെത്തിയതോടെ ഉപ്പേരികള്‍ക്കെല്ലാം പൊന്നും വിലയായിട്ടുണ്ട്. ഒരു കിലോ ചിപ്‌സിന്റെ വില 340 രൂപ മുതലാണ്. ശര്‍ക്കര ഉപ്പേരിക്കും വറുത്ത ഉപ്പേരിക്കുമെല്ലാം ഇതേ വിലയാണ്. നാടന്‍ കായ ഉപയോഗിച്ചുണ്ടാക്കുന്ന കായ ഉല്‍പന്നങ്ങള്‍ക്ക് ഇനിയും വിലയേറാനാണ് സാധ്യത. നാടന്‍ കായ വറുത്തതിന് കിലോയ്ക്ക് 400 രൂപയാണ് വില. 420 രൂപ വിലയുള്ള ശര്‍ക്കര ഉപ്പേരിയുമുണ്ട്. പഴുത്ത കായ ഉപയോഗിച്ചുണ്ടാക്കുന്ന ചിപ്‌സിനും വില കൂടുതലാണ്. 360 മുതല്‍ 440 രൂപ വരെയാണ് ഇതിന്റെ വില. മുളകു കൂട്ടിയ വറുത്ത ഉപ്പേരിയും വിപണിയിലുണ്ട്. 360 രൂപ മുതലാണ് ഇതിന്റെ വില.
സാധാരണ വറുത്ത കായയ്ക്ക് കഴിഞ്ഞ വര്‍ഷം 170 രൂപയായിരുന്നു വില. എന്നാല്‍ ഇത്തവണ ഇരട്ടിയോളമായി. ഏത്തക്കായയുടെ വിലയിലുണ്ടായ വര്‍ധനവാണ് ചിപ്‌സിന്റെ വിലയും വര്‍ധിപ്പിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം 45 രൂപയ്ക്ക് ലഭിച്ചിരുന്ന ചിപ്‌സിന് ഇപ്പോള്‍ 75 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്ന് ഏത്തക്കായ വരുന്നത് കുറഞ്ഞതാണ് വില വര്‍ധനവിനു കാരണമായത്. കഴിഞ്ഞ വര്‍ഷം ന്യായമായ വില ലഭിക്കാത്തതിനാല്‍ വാഴ കര്‍ഷകര്‍ ഭൂരിഭാഗവും കൃഷിയില്‍ നിന്നു പിന്മാറിയിരുന്നു. തല്‍സമയം വറുത്തു വില്‍ക്കുന്ന കടകള്‍ ഓണക്കാലത്തു സജീവമാകുമെങ്കിലും വിപണിയില്‍ കൂടുതല്‍ പായ്ക്ക് ചെയ്ത ഉപ്പേരി തന്നെയാണ്.
വെളിച്ചെണ്ണ ചിപ്‌സിനാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ പാമോയിലിലും സണ്‍ഫ്‌ളവര്‍ ഓയിലിലും വറുത്തെടുക്കുന്ന ചിപ്‌സും വിപണിയില്‍ ലഭ്യമാണ്. വില കുറയുമെങ്കിലും ഇതിന് രുചിയും കുറവായിരിക്കുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഓണ വിപണിയില്‍ ചാകര കൊയ്യാനായി വറുത്ത ഉപ്പേരിയും ശര്‍ക്കര ഉപ്പേരിയും ഓണത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ തയാറാക്കി വച്ചവരുമുണ്ട്.
ഏത്തപ്പഴത്തിന് വില കുറഞ്ഞ സമയത്ത് വാങ്ങി കായ വറുത്തതുണ്ടാക്കി വായു കടക്കാതെ സൂക്ഷിച്ച് ഇപ്പോള്‍ വില്‍ക്കുന്നതാണ് ഇവരുടെ രീതി. ശര്‍ക്കര ഉപ്പേരിക്കുള്ള കായ വറുത്തു സൂക്ഷിച്ച ശേഷം ഓണസമയത്ത് ശര്‍ക്കര കൂട്ടി റെഡിയാക്കി വില്‍ക്കുന്നവരുമുണ്ട്. ഇന്നും നാളെയും വില ഇനിയും വര്‍ധിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓണസമ്മാനമായി കായ വറുത്തതും ശര്‍ക്കര വരട്ടിയതും നല്‍കുന്നവര്‍ പോലുമുണ്ടെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."