കുടുംബശ്രീ അംഗങ്ങള്‍ ഒരുക്കിയത് 2021 പൂക്കളങ്ങള്‍ 'സ്‌നേഹപാലിക' ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍
കോഴിക്കോട്: അറുപതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ബൃഹദ്‌വേദിയില്‍ 2021 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ പതിനായിരത്തോളം വനിതകള്‍ ചേര്‍ന്നു 2021 പൂക്കളങ്ങള്‍ ഒരുക്കിയപ്പോള്‍ അത് പുതിയ ചരിത്രമായി. ജാതിയോ മതമോ പ്രായമോ വ്യത്യാസമില്ലാതെ ഒരു കുടക്കീഴില്‍ ഒന്നര മണിക്കൂര്‍ നേരം കൊണ്ടാണ് അവര്‍ സ്‌നേഹപ്പൂക്കളം തീര്‍ത്തത്. 12 മണിയോടെ 'സ്‌നേഹപാലിക 'പൂക്കളം ലിംക ബുക്ക് റെക്കോര്‍ഡിലിടം നേടിയെന്ന വാര്‍ത്തയുമെത്തി. സ്ത്രീകള്‍ ഒത്തൊരുമിച്ച് കൈയടിച്ചു. ഒന്നര മണിക്കൂര്‍ നേരത്തെ പ്രയത്‌നം കൊണ്ട് പൂക്കളം റെക്കോര്‍ഡിലെത്തിച്ചതിന്റെ സന്തോഷത്തോടെയാണ് അവര്‍ വീട്ടിലേക്കു മടങ്ങിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീയാണ് വെസ്റ്റേണ്‍ യൂനിയന്റെ സഹകരണത്തോടെ 'സ്‌നേഹപാലിക 2016' എന്ന പേരില്‍ വന്‍ പൂക്കളമത്സരം സംഘടിച്ചത്. കേരളത്തനിമയുടെ വസ്ത്രങ്ങള്‍ ധരിച്ച് പൂക്കളങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്നത് കാഴ്ചക്കാര്‍ക്കും കൗതുകമായി. വളണ്ടിയര്‍മാരായി എത്തിയതും എസ്.പി.സി, ജെ.ആര്‍.സി, ഗൈഡ്‌സ് വിഭാഗത്തിലെ നൂറു വിദ്യാര്‍ഥിനികളായിരുന്നു. വിധി നിര്‍ണയത്തിനും വനിതകളെത്തിയപ്പോള്‍ വേദി പൂര്‍ണമായും സ്ത്രീകളുടെ സ്വന്തമായി.
പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പൂക്കള മത്സരത്തില്‍ തടമ്പാട്ടുതാഴത്തെ ഉദയം യൂനിറ്റ് ഒന്നാം സ്ഥാനം നേടി. വരയ്ക്കലിലെ പ്രതീക്ഷ യൂനിറ്റ്, സിവില്‍ സ്റ്റേഷനിലെ റോസ് യൂനിറ്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
വിജയികള്‍ക്ക് യഥാക്രമം എട്ടു ഗ്രാം, നാലു ഗ്രാം, രണ്ടു ഗ്രാം വീതമുള്ള സ്വര്‍ണ മെഡലുകള്‍ വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്കായി പൂക്കളങ്ങള്‍ ഇന്നും ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."