ദൃശ്യ-ശ്രാവ്യ വൈവിധ്യങ്ങളുമായി ജില്ലയുടെ ഓണാഘോഷം ഇന്ന് തുടങ്ങും
കോഴിക്കോട്: ദൃശ്യ-ശ്രാവ്യ വൈവിധ്യങ്ങളും കലാ-സാംസ്കാരിക പ്രകടനങ്ങളുടെ മായക്കാഴ്ചകളുമായി ജില്ലയുടെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണവും പെരുന്നാളും ഒന്നിച്ചെത്തുന്ന വേളയില്‍ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ഒന്നിച്ചാണ് ആഘോഷ പരിപാടികള്‍ ഒരുക്കുന്നത്. കോഴിക്കോട് ബീച്ചിലും ഭട്ട്റോഡിലുമാണ് പ്രധാനവേദികള്‍. ഇന്നു വൈകിട്ട് ആറിന് പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഓപണ്‍ സ്റ്റേജില്‍ ജില്ലയുടെ ചുമതലയുള്ള എക്സൈസ്-തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാ സംവിധായകന് പ്രയദര്ശന് നിര്‍വഹിക്കും. തുടര്‍ന്ന് ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. നാളെ നടക്കുന്ന പരിപാടിയില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യാതിഥിയാകും. തേജ് മെര്വിന് ബാന്റ് ഒരുക്കുന്ന സിതാര കൃഷ്ണകുമാറിന്റെ ഗാനസന്ധ്യ അങ്ങേറും. 13ന് പ്രധാന വേദിയില്‍ പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയും സംഘവും ഗസല്‍സന്ധ്യ അവതരിപ്പിക്കും. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ 13, 14 തിയതികളിലായി സാഹിത്യചര്‍ച്ചയും കവിതാമേളയും നടക്കും. 13ന് വൈകിട്ട് 3.30ന് എം.ടി വാസുദേവന്‍ നായരുടെ സാഹിത്യലോകം പരിചയപ്പെടുത്തുന്ന 'എം.ടിയും മലയാള സാഹിത്യവും' സെമിനാര്‍ നടക്കും. ടൗണ്‍ഹാളില്‍ അഞ്ചു ദിവസങ്ങളിലായി കുട്ടികളുടെ നാടകമുള്‍പ്പെടെ ആറു നാടകങ്ങള്‍ അരങ്ങേറും. 11ന് രാത്രി ഏഴിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നാടകോത്സവം ഉദ്ഘാടനം ചെയ്യും. സംഗീത ട്രൂപ്പായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയോടെ 15ന് ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാകും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍, എ.ഡി.എം ടി. ജെനില്‍കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി.പി ഹമീദ്, അഡിഷണല്‍ തഹസില്‍ദാര്‍ ഇ. അനിതാകുമാരി, മീഡിയ കമ്മിറ്റി ചെയര്മാന് കമാല്‍ വരദൂര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മുസാഫിര്‍ അഹമ്മദ്, നാടന്‍ കലാരൂപങ്ങളുടെ കമ്മിറ്റി ചെയര്മാന് ടി.വി ബാലന്, റിസപ്ഷന് കമ്മിറ്റി ചെയര്മാന് ടി. ഗവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."