സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞത് പവന് 6280 രൂപ- പവന്‍ വില അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവില കുറയുന്നത്. ഗ്രാമിന് 785 രൂപയും പവന് 6280 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. രാവിലെ പവന് 5240 രൂപ കുറഞ്ഞ് 1,25,120 രൂപയും ഗ്രാമിന് 655 രൂപ കുറഞ്ഞ് 15640 രൂപയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്കും വിലയില്‍ ഇടിവ് സംഭവിച്ചത്.
ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 4.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 5,172.80 ഡോളറായാണ് വില കുറഞ്ഞത്.
ഇപ്പോഴത്തെ വില
ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി.
ഉയര്‍ച്ചയും താഴ്ച്ചയും
2026 ജനുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വില ഉണ്ടായിരുന്നത് ജനുവരി 1 ന് തന്നെയാണ്. അന്ന് പവന് 99040 രൂപയാണ് ഉണ്ടായിരുന്നത്. പിന്നലെ സ്വര്‍ണവിലയില്‍ ഇറക്കമുണ്ടായിരുന്നില്ല. രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവില കത്തിക്കയറിക്കൊണ്ടേയിരുന്നു. ജനുവരി 5 നാണ് സ്വര്‍ണവില 1 ലക്ഷം കടന്നത്. ഇന്നലെയാണ് ഈ മാസത്തെയും എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 1,31,160 രൂപയാണ് ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണവില. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില ഇടിയുന്നതായാണ് കാണാന്‍ സാധിച്ചത്. പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.
ആഗോള വിപണിയിലെ വില
കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ ചരിത്രക്കുതിപ്പായിരുന്നു. കേരളത്തില്‍ ഒറ്റയടിക്ക് 8000രൂപയിലേറെയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ 500 ഡോളറിലേറെയും ഉയര്‍ന്നു. രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളര്‍ വരെ തൊട്ടിരുന്നു ഇന്നലെ. വൈകാതെ വില 6,000 ഡോളറും ഭേദിച്ചേക്കാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി സമയങ്ങളിലെ സുരക്ഷിത നിക്ഷേപ താവളം എന്നതാണ് സ്വര്‍ണത്തെ ഇത്രമേല്‍ ഡിമാന്‍ഡുള്ളതാക്കുന്നത്.
എന്നാല്‍, ഈ കുതിപ്പ് മുതലെടുത്ത് നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ വില കുത്തനെ ഇടിഞ്ഞത് 5,131 ഡോളറിലേക്ക്. കേരളത്തില്‍ ഇന്നലെ രാവിലെ പവന് 8,600 രൂപയിലേറെ വര്‍ധിച്ച് 'അദ്ഭുത മുന്നേറ്റം' നടത്തിയിരുന്നു. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ നിലവിലെ ട്രെന്‍ഡ് തുടര്‍ന്നുകൊണ്ട് ഇന്നു രാവിലെ കേരളത്തിലെ സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവാണുണ്ടായത്.
കുതിപ്പിനും കിതപ്പിനും പിന്നില്‍
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ നിലവില്‍ പ്രതിഫലിക്കുന്നത്. സ്വാഭാവികമായും ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. സുരക്ഷിത നിക്ഷേപം എന്നതാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ ലേബല്‍. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മധ്യേഷ്യയിലും ആഗോള സമ്പദ്മേഖലയിലും ആശങ്ക വിതച്ച് ഇറാന്‍-യു.എസ് യുദ്ധഭീതി കനക്കുകയാണ്. ഏത് നിമിഷവും യുഎസ് 'അര്‍മാഡ'യില്‍ നിന്ന് ഇറാനെ ഉന്നമിട്ട് ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ അടങ്ങിയിരിക്കില്ലെന്നാണ് യു.എസിന് ഇറാന്‍ നല്‍കിയ മറുപടി. തങ്ങള്‍ ഒരുങ്ങിയിരിക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കുന്നു. തങ്ങളുടെ വിരല്‍ ട്രിഗറിലാണെന്നാണ് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ഈ സംഘര്‍ഷാവസ്ഥയില്‍ ചാഞ്ചാടുകയാണ് സ്വര്‍ണം.
പവന്‍ ആഭരണം വാങ്ങാന്‍ വേണം ഒന്നര ലക്ഷം
ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജി.എസ്.ടിയും പണിക്കൂലിയുമടക്കം 1.50 ലക്ഷം രൂപക്കടുത്താകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇപ്പോഴത്തെ ഇടിവ് നോക്കേണ്ടതില്ലെന്നും സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Gold prices in Kerala witnessed another sharp decline on Wednesday, marking the second drop of the day. Overall, gold fell by ₹6,280 per pavan and ₹785 per gram in a single day. In the morning, the price of one pavan had dropped by ₹5,240 to ₹1,25,120, while the price per gram declined by ₹655 to ₹15,640. Prices fell further in the afternoon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."