മലപ്പുറം ജില്ലാ ജനറൽ ആശുപത്രിക്ക് എൽ.ഡി.എഫ് സർക്കാറിൻ്റെ 10 ബജറ്റുകളിലും ലഭിച്ചത് 1000 രൂപ; കെട്ടിടം നിർമിക്കാൻ ഓരോ ബജറ്റുകളിലും 100 രൂപ വീതം!
മഞ്ചേരി: വർഷം തോറും മുടങ്ങാതെ നടക്കുന്ന ചടങ്ങ് മാത്രമാണ് മഞ്ചേരി ജനറൽ ആശുപത്രിയെ സംബന്ധിച്ചിടത്തോളം സംസ്ഥാന ബജറ്റ്. ജനറൽ ആശുപത്രിക്കായി സ്വന്തം കെട്ടിടം നിർമിക്കാൻ ഇത്തവണയും 100 രൂപ മുടങ്ങാതെ കിട്ടിയെന്നതാണ് ഏറ്റവും വലിയ തമാശ. മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വേർപെടുത്തി ജനറൽ ആശുപത്രി പുനസ്ഥാപിക്കാനാണ് കഴിഞ്ഞ വർഷങ്ങളിലെ ബജറ്റിൽ പരാമർശിച്ചത് പോലെ ഇത്തവണയും ടോക്കൺ ലഭിച്ചത്. വ്യാഴാഴ്ച മന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഉൾപ്പടെ 10 വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാറിൽ നിന്ന് ജില്ലയുടെ ജനറൽ ആശുപത്രി നിർമാണത്തിന് ലഭിച്ചത് 1000 രൂപ മാത്രം. കഴിഞ്ഞ വർഷം മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് 100 രൂപയുടെ ടോക്കൺ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ ബജറ്റിൽ പരാമർശം പോലുമില്ല. മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും വേർതിരിച്ച് സ്ഥാപിക്കാൻ വേട്ടേക്കോട് 50 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. ഇതിൽ 25 ഏക്കർ സൗജന്യമായി നൽകാനും ഭൂവുടമകൾ സന്നദ്ധത അറിയിച്ചു. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഗണിച്ചില്ല. മഞ്ചേരിയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ചെരണിയിൽ 3.99 ഏക്കർ ഭൂമിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജനറൽ ആശുപത്രിക്കായി തുക അനുവദിക്കണമെന്ന് അഡ്വ.യു.എ ലത്തീഫ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നെങ്കിലും ടോക്കൺ വെച്ചത് ഒഴിച്ചാൽ ഒരു രൂപ പോലും ബജറ്റിൽ നീക്കിവച്ചില്ല. ജനറൽ ആശുപത്രി മെഡിക്കൽ കോളജാക്കി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച ജനറൽ ആശുപത്രിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. അഞ്ച് കിലോമീറ്റർ പരിധിയിൽ രണ്ട് ആശുപത്രികൾ വേണ്ടതില്ലെന്ന എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനവും ജനറൽ ആശുപത്രിക്ക് തിരിച്ചടിയായി. മറ്റു ജില്ലകളിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ഒന്നിലധികം ഗവ.ആശുപത്രികൾ പ്രവർത്തിക്കുമ്പോഴാണ് മലപ്പുറത്തിന്റെ കാര്യത്തിൽ എൽ.ഡി.എഫ് സർക്കാറിന്റെ വിചിത്ര വാദം. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയതിനാൽ രോഗികൾക്ക് മെഡിക്കൽ കോളജിന്റെ ഗുണം ലഭിക്കുന്നില്ല. ജനറൽ ആശുപത്രി നഷ്ടപ്പെട്ട സ്ഥിതിയായി. സർക്കാറിന്റെ കണക്ക് പ്രകാരം മറ്റു ജില്ലകളിൽ 550 രോഗികൾക്ക് ഒരു കിടക്ക എന്ന തോതിൽ ഉണ്ടങ്കിൽ ജില്ലയിൽ 1643 രോഗികൾക്ക് ഒരു കിടക്ക മാത്രമാണുള്ളത്. ജില്ലക്ക് അവകാശപ്പെട്ട പ്രധാന തസ്തികകളെല്ലാം ജനറൽ ആശുപത്രിയില്ലാത്തതിനാൽ നഷ്ടമാവുകയും ചെയ്തു. രോഗ പ്രതിരോധ പ്രവർത്തനങ്ങളും ജനറൽ ആശുപത്രി ഇല്ലാത്തതിനാൽ മുടങ്ങുകയാണ്.
English summay: The Manjeri General Hospital has once again received only a symbolic "token" allocation of ₹100 in the state budget, marking a decade where the total funds assigned for its construction amount to just ₹1000. Although land was identified at Vettekkode and local landowners offered half of it for free, the government has ignored these proposals and failed to provide actual funding to separate the General Hospital from the Medical College. Authorities argue that two major hospitals are not needed within a five-kilometer radius, a stance critics call discriminatory since other districts maintain multiple government facilities within similar distances. This lack of investment has led to a severe healthcare crisis in Malappuram, where there is only one bed for every 1643 patients, significantly lagging behind the state average.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."