സ്നേഹവും മതസൗഹാര്‍ദവും, അതാണ് കുണിയ...
കുണിയ (കാസര്‍കോട്): വിവിധ മതവിഭാഗങ്ങള്‍ ഒരുമയോടെ കഴിയുന്ന കുണിയയില്‍ സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ നാട് ഒറ്റക്കെട്ടായി ഒരുങ്ങിക്കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് കുണിയയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ ക്ഷേത്ര ഭാരവാഹികളും ക്രൈസ്തവ ദേവാലയ വികാരിയും തദ്ദേശ സ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. അവരെല്ലാം ഒരേ സ്വരത്തിലാണ് സമ്മേളനത്തിനുള്ള പിന്തുണ സംഘാടകരെയും സമസ്ത നേതൃത്വത്തെയും അറിയിച്ചത്.
സമ്മേളനത്തെ വരവേറ്റ് കുണിയ കുന്നൂച്ചി ബെരിച്ചാത്തോട് മുത്തപ്പന്‍ മഠപ്പുര ഭാരവാഹികള്‍ ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. സമസ്ത സമ്മേളന പ്രതിനിധി ക്യാംപ് സൈറ്റിനോട് ചേര്‍ന്നാണ് ക്ഷേത്രം. ഇവിടെയാണ് കഴിഞ്ഞദിവസം ബോര്‍ഡ് സ്ഥാപിച്ചത്.
ഇതിനു മുമ്പേ തന്നെ ക്ഷേത്രത്തിനും മസ്ജിദിനും ഒരേ തൂണില്‍ പ്രവേശന കവാടം സ്ഥാപിച്ച് കുണിയ ഗ്രാമം കേരളത്തിനു മാതൃക കാണിച്ചിട്ടുണ്ട്. കുണിയ ആയമ്പാറ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റിയും കുണിയ ബിലാല്‍ മസ്ജിദ് കമ്മിറ്റിയും ചേര്‍ന്ന് ഒരേ തൂണില്‍ സ്ഥാപിച്ച പ്രവേശന കവാടം 2021 ജനുവരി 26നു കുണിയ ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ഖാദര്‍ നദ് വിയാണ് ഉദ്ഘാടനം ചെയ്തത്. ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി എന്‍. കുഞ്ഞിരാമനും അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം യു.എ.ഇ കമ്മിറ്റിയും കുണിയ ബിലാല്‍ മസ്ജിദ് കമ്മിറ്റിയും സംയുക്തമായാണ് പ്രവേശന കവാടം സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."