നിര്‍ത്തിയിട്ട ബസിനുള്ളില്‍ പുള്ളിപ്പുലി; സീറ്റുകളും കുഷ്യനും തകര്‍ത്തു
മംഗളൂരു: ഉഡുപ്പി ഗരഡിമജലില്‍ രാത്രി പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ പുള്ളിപ്പുലി കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഉഡുപ്പി നഗരത്തില്‍ സര്‍വീസ് നടത്തുന്ന സിറ്റി ബസിലാണ് പുള്ളിപ്പുലി അതിക്രമിച്ചു കയറിയത്. വെള്ളിയാഴ്ച രാവിലെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് വാഹനത്തിനുള്ളിലെ നാശനഷ്ടങ്ങള്‍ കണ്ട് ഞെട്ടിയത്.
ദൈനംദിന സര്‍വീസ് കഴിഞ്ഞ് വ്യാഴാഴ്ച രാത്രി പതിവുപോലെ റോഡരികില്‍ പാര്‍ക്ക് ചെയ്തതായിരുന്നു ബസ്. രാവിലെ പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റിലെ കുഷ്യന്‍ കവറുകള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. എന്‍ജിന്‍ ബോണറ്റിലെ കുഷ്യന്‍ കവറിങ്ങിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം സാമൂഹിക വിരുദ്ധരുടെ ആക്രമണമാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
ഉഡുപ്പി നഗരപരിധിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി പുള്ളിപ്പുലിയുടെ സഞ്ചാരം വര്‍ധിച്ചുവരികയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ജനവാസ മേഖലയില്‍ ബസിനുള്ളില്‍ വരെ പുലി കയറിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി ബദാനിടിയൂരിലും പരിസര പ്രദേശങ്ങളിലും കൂട് സ്ഥാപിച്ചതായി വനം ഓഫീസര്‍ ദേവരാജ് പാനാര്‍ അറിയിച്ചു.
A leopard entered a parked city bus in Udupi at night and caused significant damage to the driver's seat and engine bonnet cushions, sparking panic among local residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."