നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല; അതിവേഗ ട്രെയിന്‍ വരട്ടെ: വി.ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തില്‍ അതിവേഗ ട്രെയിന്‍ കൊണ്ടുവരുന്നതിന് ആരും എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിവേഗ ട്രെയിന്‍ വരണം. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി കേരളത്തിന് താങ്ങാന്‍ പറ്റുന്നൊരു പദ്ധതി വരട്ടെ. എന്നാല്‍ യാതൊരു പഠനവുമില്ലാതെ പത്തുവര്‍ഷത്തെ ഭരണം കഴിഞ്ഞ് പോകുന്ന പോക്കിലാണ് ഇത് പറഞ്ഞത്- സതീശന്‍ പരിഹസിച്ചു.
'' കേരളത്തില്‍ പാരിസ്ഥിതിക ദുരന്തമുണ്ടാക്കും എന്നതിനാലാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ അന്ന് എതിര്‍ത്തത്. കേന്ദ്രം ഒരു പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കുന്നില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. പദ്ധതി എന്താണെന്ന് അറിയട്ടേ, നോക്കാം എന്ന് പറഞ്ഞു. അത് പറഞ്ഞ് പിറ്റേദിവസം, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ എതിര്‍ത്തു കേന്ദ്രത്തിന്റെ പദ്ധതിയെ അനുകൂലിച്ചു എന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം''- സതീശന്‍ പറഞ്ഞു.
ആര്‍.ആര്‍.ടി.എസ് പദ്ധതിയില്‍ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെയും സതീശന്‍ പരിഹസിച്ചു. ഇ. ശ്രീധരനെപോലൊരു ആളാണ് അതിവേഗ റെയില്‍ പദ്ധതിയേക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് മാറ്റാന്‍ പോകുന്നു എന്ന് പറഞ്ഞ് ബഹളം വെച്ചതാണ് സി.പി.എം എന്നും ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ കേസ് കൊടുത്തിട്ടില്ലെന്നും ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും സതീശന്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പദ്ധതി നടപ്പായില്ലല്ലോ, പിന്നെ കോടതി എന്ത് പറയാനാണെന്നും സതീശന്‍ ആരാഞ്ഞു. നടപ്പാക്കാന്‍ പോയപ്പോഴാണ് അതിലെ കുഴപ്പങ്ങള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചത്. ഒരു കുഴപ്പവും ആ പദ്ധതിക്ക് ഇല്ലെങ്കില്‍ ഇട്ടിട്ട് ഓടിയത് എന്തിനായിരുന്നെന്നും സതീശന്‍ ആരാഞ്ഞു.
അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട ഇ ശ്രീധരന്റെ വിമര്‍ശനത്തിനെതിരേ മന്ത്രി പി. രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.കേരളത്തില്‍ അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഇ. ശ്രീധരനെ കേന്ദ്രം നിയോഗിച്ചതിനെക്കുറിച്ച് അറിവില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ശ്രീധരനെന്നായിരുന്നു എം.വി ഗോവിന്ദന്റെ പരിഹാസം. മണ്ടന്‍ തീരുമാനമായ ആര്‍.ആര്‍.ടി.എസ് സംസ്ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ വിമര്‍ശിച്ചതാണ് സര്‍ക്കാരിനെയും സി.പി.എമ്മിനെയും ചൊടുപ്പിച്ചത്.
അതേസമയം, അതിവേഗ റെയില്‍ വേണമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. അതിവേഗ റെയില്‍ കേരളത്തിന് വേണമെന്നും ശ്രീധരന്റെ പരിപാടിയാണ് വരുന്നതെങ്കില്‍ കുഴപ്പമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ശ്രീധരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിലെ അതിവേഗ റെയില്‍വേ പ്രഖ്യാപിച്ചാല്‍ സന്തോഷമെന്നും മന്ത്രി രാജീവ് പറഞ്ഞു. കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതി വേണം. പദ്ധതി ഏതായാലും കുഴപ്പമില്ലെന്നും രാജീവ് പറഞ്ഞു.
ശ്രീധരനെ ഡി.പി.ആര്‍ തയാറാക്കാന്‍ കേന്ദ്രം നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍പാത പ്രഖ്യാപിച്ചാലും സന്തോഷമേ ഉള്ളൂ. ഏത് പേരിലായാലും കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നേ സര്‍ക്കാരിനുള്ളൂവെന്നും രാജീവ് പറഞ്ഞു.
Leader of the Opposition in Kerala, V. D. Satheesan, has stated that there is no opposition to introducing a high-speed rail project in the state, regardless of who brings the proposal, provided it is a good and financially viable plan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."