ഓണത്തിരക്കോടു തിരക്ക് ശ്വാസം മുട്ടി കണ്ണൂര്‍ നഗരം
കണ്ണൂര്‍: ബലിപെരുന്നാളും ഓണവും പടിവാതില്‍ക്കലെത്തിയതോടെ തിരക്കിലമര്‍ന്ന് കണ്ണൂര്‍ നഗരം. ഓണാവധിയായതിനാല്‍ മിക്കവരും ഷോപ്പിങ്ങിനായി എത്തുന്നതോടെ നഗരത്തിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ചെറുവാഹനങ്ങളുമായി ആളുകള്‍ നിരത്തിലിറങ്ങിയതോടെ ഗതാഗതകുരുക്കിനു പേരു കേട്ട കണ്ണൂര്‍ നഗരം അക്ഷരാര്‍ഥത്തില്‍ ശ്വാസംമുട്ടി. പതിവില്‍നിന്നു വിപരീതമായി ഇക്കുറി ഓണം മേളകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പൂകച്ചവടക്കാരും മറ്റു വഴിയോരക്കച്ചവടക്കാരും ഫൂട്പാത്തുകളും കൈയടക്കി.
പ്രധാന പാര്‍ക്കിങ് ഏരിയകളെല്ലാം മേളകള്‍ക്കായി വിട്ടു കൊടുത്തിരിക്കുകയാണ്. സ്‌റ്റേഡിയം കോര്‍ണര്‍, പൊലിസ് മൈതാനം, ബാങ്ക് റോഡ്, മുനീശ്വരന്‍ കോവില്‍ എന്നിവിടങ്ങളിലെല്ലാം വന്‍ ജനത്തിരക്കായിരുന്നു ഇന്നലെ. മിക്ക റോഡുകളും വാഹനങ്ങളാല്‍ നിറഞ്ഞു. പുതിയതെരു മുതല്‍ തുടങ്ങിയ ഗതാഗതകുരുക്ക് താഴെചൊവ്വ വരെ നീണ്ടു. പയ്യന്നൂരില്‍ നിന്നു കണ്ണൂരിലേക്കു വരുന്ന ബസുകള്‍ മിക്കതും റൂട്ടു മാറ്റിയാണ് സര്‍വിസ് നടത്തിയത്. പെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായതും വിപണന മേളകളുടെയും ഫെസ്റ്റുകളുടെയും എണ്ണം കൂടിയതുമാണ് തിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. കടകള്‍ക്കു മുന്നില്‍ പാര്‍ക്കിങ്ങിനെചൊല്ലി വാക്കേറ്റവുമുണ്ടാകുന്നുണ്ട്. പ്രധാന സര്‍ക്കിളുകളില്‍ നാലില്‍ അധികം ട്രാഫിക് പൊലിസുകാരാണ് ഗതാഗതം നിയന്ത്രിക്കാനായി ഉണ്ടായത്. ഗാന്ധി സര്‍ക്കിളില്‍ സിഗ്‌നല്‍ സംവിധാനം ഉടന്‍ നടപ്പിലാക്കുന്നതോടെ കുരുക്കിന് വരും നാളുകളില്‍ ശമനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."