പുതിയതെരുവില്‍ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു
പുതിയതെരു: കൊല്ലറത്തിങ്കല്‍ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് ഏഴുപേര്‍ക്ക് പരുക്ക്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ 11.15ഓടെ അപകടമുണ്ടായത്. കീരിയാട് റോഡില്‍ നിന്ന് കാട്ടാമ്പള്ളി ഭാഗത്തേക്ക് പോകുന്ന ഗുഡ്സ് ഓട്ടോയില്‍ കണ്ണൂരില്‍ നിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന നിര്‍മാല്യം ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഗുഡ്സ് ഡ്രൈവര്‍ അസ്ലി കാട്ടാമ്പളളി (34), ബസ് ഡ്രൈവര്‍ മിഥുന് പെരുമാച്ചേരി (22), മൊട്ടമ്മല്‍ സതി(50), നാറാത്ത് സ്വദേശികളായ ആതിര (18), സരസ്വതി(38), ഒഡീഷ സ്വദേശികളായ രാജു (26), വിശ്വജിത്ത്(20) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗുഡ്സിലിടിച്ച ബസ് തൊട്ടടുത്ത ബേക്കറിയില്‍ ഇടിച്ചാണ് നിന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബേക്കറിയുടെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് പൊളിഞ്ഞു . ബേക്കറിക്കു മുന്നിലെ ഷെഡ്, ഫ്രിഡ്ജ് എന്നിവയും തകര്‍ന്നു. കടയുടമ കീരിയാട് സ്വദേശി ഹമീദ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് കാട്ടാമ്പള്ളി - പുതിയതെരു റൂട്ടില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."