കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ
കോഴിക്കോട് : കോഴിക്കോട് കടപ്പുറത്തെ ആവേശത്തിലാഴ്ത്തി കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് ഉജ്ജ്വലമായ സമാപനമായി. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാലും ഗൗരവമേറിയ ചർച്ചകളാലും ശ്രദ്ധേയമായ സംഗമം, ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് സമൂഹത്തിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പായി. കോഴിക്കോട് ബീച്ചിൽ നടന്ന പ്രൗഢഗംഭീരമായ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സംവാദങ്ങൾ പൊതുസമൂഹത്തിൽ വലിയ തോതിലുള്ള ചലനമുണ്ടാക്കിയെന്നും പൊതുയിടങ്ങൾ ഡിസബിലിറ്റിയുള്ളവർക്ക് കൂടി പ്രാപ്യമാകുന്ന രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. വരും കാലങ്ങളിൽ ഇവർക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുമെന്ന ഉറപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നൽകി.
കോഴിക്കോട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കവിത അരുൺ അധ്യക്ഷയായി. കോഴിക്കോടിനെ ഒരു സമ്പൂർണ ഡിസബിലിറ്റി സൗഹൃദ നഗരമാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും ഇതിനായി ഡിസബിലിറ്റി സമൂഹത്തെ കേൾക്കുകയും അവരെകൂടി ഉൾപ്പെടുത്തി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
ഡോ. ഇജാസ് പിള്ള കെ.ഡി.എഫിന്റെ ഭാഗമായി ഒരുമാസം മുമ്പേ ഗവേഷണ വിദ്യാർഥികളെ ഉൾപ്പെടുത്തി ഡിസബിലിറ്റി മേഖലയുടെ അക്സസബിലിറ്റി, പൊതുസമൂഹത്തിന്റെ ഡിസബിലിറ്റിയോടുള്ള മനോഭാവം, പൊതുസമൂഹത്തിന്റെ നിർദേശങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് പഠനം നടത്തുകയും പ്രസ്തുത വിഷയത്തിൽ ഒരു റിപ്പോർട്ടും അവതരിപ്പിച്ചു. ശബരി, റഈസ് ഹിദായ, ബവീഷ് ബാൽ, മായ അരുൺ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. രക്ഷാധികാര സ്വഭാവമുള്ള 'ഭിന്നശേഷിക്കാർ', 'ദിവ്യാംഗജർ', 'വൈകല്യം' തുടങ്ങിയ പദങ്ങൾ ഒഴിവാക്കി പകരം 'ഡിസബിലിറ്റി' എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാൻ സർക്കാരിനോട് കെ.ഡി.എഫ് ആവശ്യപ്പെട്ടു.
മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഡിസബിലിറ്റിയുള്ള വ്യക്തികളെ അന്തസ്സോടെ പ്രതിനിധീകരിക്കുന്നതിനായി ഒരു 'ഡിസബിലിറ്റി മീഡിയ സ്റ്റൈൽബുക്ക്' വികസിപ്പിക്കണം. എല്ലാ സർക്കാർ, സ്വകാര്യ പൊതുയിടങ്ങളിലും ഡിജിറ്റൽ സംവിധാനങ്ങളിലും നിർബന്ധിത ആക്‌സസിബിലിറ്റി ഓഡിറ്റ് നടത്തണം. ഓഡിറ്റ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. ആർ.പി.ഡബ്ല്യൂ.ഡി നിയമപ്രകാരമുള്ള 21 വിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക ഡിസബിലിറ്റി സെൻസസ് നടത്തുകയോ ഡാറ്റ ശേഖരിക്കുകയോ ചെയ്യണം. ചെറിയ പ്രായം മുതൽ കുട്ടികളിൽ അവബോധം വളർത്തുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ ഡിസബിലിറ്റി വിദ്യാഭ്യാസം ഉൾപ്പെടുത്തണം. പാഠപുസ്തകങ്ങളിലും കളിപ്പാട്ടങ്ങളിലും ഡിസബിലിറ്റിയുള്ളവരുടെ ശരിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ പാഠ്യപദ്ധതിയിൽ 'ഡിസബിലിറ്റി ഓഡിറ്റ്' നടത്തണം. കെ.ഡി.എഫിന്റെ ആരംഭ നഗരമായ കോഴിക്കോടിനെ മൂന്ന് വർഷത്തിനുള്ളിൽ ഒരു 'ഇൻക്ലൂസീവ് നഗരം' ആയി പ്രഖ്യാപിക്കാനുള്ള പദ്ധതി സർക്കാർ പിന്തുണയോടെ നടപ്പാക്കണം. നിലവിൽ വീൽചെയറിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ചിഹ്നത്തിന് പകരം എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന വൈവിധ്യപൂർണമായ ഒരു 'ഇൻക്ലൂസീവ് ഡിസബിലിറ്റി ചിഹ്നം' ഔദ്യോഗികമായി വികസിപ്പിക്കണം എന്നീ ആവശ്യങ്ങളുയർന്നു.
മലബാർ ഗോൾഡ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായി. കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം, കോർപറേഷൻ കൗൺസിലർ ഫാത്തിമ തഹ്‌ലിയ, ആസിം വെള്ളിമണ്ണ, ഫെസ്റ്റിവൽ ഡയരക്ടർ റോഷൻ ബിജിലി സംസാരിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സെഷനുകളിൽ ഡിസബിലിറ്റി പ്രതിനിധാനം സിനിമയിൽ, ജനാധിപത്യവും രാഷ്ട്രീയ പങ്കാളിത്തവും, കമ്മ്യൂണിറ്റി അധിഷ്ഠിത പുനരധിവാസം, ഇൻവിസിബിൾ ഡിസബിലിറ്റി നേരിടുന്ന വെല്ലുവിളികൾ, ദുരന്ത നിവാരണത്തിലെ ജാഗ്രത, യൂണിവേഴ്‌സൽ ആക്സസിബിലിറ്റി, ആധുനിക ഗതാഗത സംവിധാനങ്ങൾ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു.
നഫീസത്തുൽ മിസ്‌രിയ, ഹർഷദ്, എം. നൗഷാദ്, ആലീസ് അബ്രഹാം, ആമിർ പള്ളിക്കൽ, ഡോ. മായ പ്രമോദ്, സെൻഗുപ്ത, റഈസ് ഹിദായ, കിരൺ നായക്, എസ്. ദുരൈയരസു, സിബിൻ എൽദോസ്, ശ്രീജ രാധകൃഷ്ണൻ. മുർഷിദ് മോൻ, ഡോ. അഹമ്മദ് ഷാഫി, ഡോ. റഹീമുദ്ദീൻ, നജീബ് മൂടാടി. ഡോ. ശ്രുതി എസ്. നായർ, ഡോ. നവീൻ അനശ്വര, റാം കുമാർ എം.ആർ സിബി വർഗീസ്, നൗഷബ നാസ്, സാബിത് ഉമർ, ഡോ. മുനവർ റഹ്‌മാൻ. നബിൽ തലക്കാട്ട് റിയ ജോഷി, ഡോ. സേതു വാര്യർ, എ.ആർ ഷർമിൻ ഷഫീഖ്, ഷെമിൻ മെഹ്‌റോത, മുസ്‌തഫ തോരപ്പ, വൈഷ്‌ണവി ജയകുമാർ, മുഹമ്മദ് അഫ്സൽ എം. എച്ച്, ബദറുസമാൻ നേതൃത്വം നൽകി.
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 2027 ജനുവരി 27 മുതൽ 30 വരെ നടക്കുമെന്ന് ജനറൽ കൺവീനർ ഡോ. ഇദ്‌രീസ് പ്രഖ്യാപിച്ചു. സമാപനസമ്മേളനത്തിന് ശേഷവും പൊതുജനങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് രാത്രി 10 വരെ തുടർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."