സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59
കോഴിക്കോട്: സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം. കേരള സാമ്പത്തികാവലോകന രേഖയിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിന്റെ പൊതുവായ വളർച്ചാ നിരക്ക് 6.59 എന്ന് രേഖപ്പെടുത്തിയ കണക്കിൽ മലപ്പുറത്തിന്റേത് 3.35 ശതമാനം ആണ്. കൃഷി, വ്യവസായം, വാണിജ്യം, സേവനം എന്നീ മേഖലകളിലെ ഉൽപാദനമൂല്യത്തെ മുൻ നിർത്തിയാണ് ഇത് കണക്കാക്കുന്നത്.
ജി.ഡി.വി.എ വളർച്ചാ നിരക്ക് ഏറ്റവും ഉയർന്നത് പത്തനംതിട്ട ജില്ലയിലാണ്- 10.17 ശതമാനം. രണ്ടാം സ്ഥാനത്ത് കോട്ടയവും (8.14) മൂന്നാം സ്ഥാനം ആലപ്പുഴയു(7.67)മാണ്. 5.47 വളർച്ചാ നിരക്കുള്ള കാസർകോടാണ് മലപ്പുറത്തിന് തൊട്ടുമുന്നിൽ.
ആളോഹരി ഉൽപാദന മൂല്യം എടുക്കുമ്പോഴും മലപ്പുറമാണ് ഏറ്റവും പിന്നിൽ. ആളോഹരി ജി.ഡി.പി.യിൽ ഒന്നാം റാങ്കുള്ള എറണാകുളത്തിന്റെ 2024-25 വർഷത്തെ വളർച്ചാ നിരക്ക് 6.5 ആണ്. പത്തനംതിട്ടയുടെ വളർച്ചാ നിരക്ക് 10.14 എങ്കിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറത്തിന്റേത് 1.72 ശതമാനമാണ്. തൊട്ടുമുകളിലുള്ളത് കാസർകോടും (4.23), വയനാടും (4.99) ആണ്.
14 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. ജില്ലയിലെ ജനസംഖ്യയിലെ 30.2 ശതമാനം പേര് കുട്ടികളാണ്. 15-59 പ്രായക്കാരുടെ എണ്ണത്തിൽ ഇടുക്കിയാണ് മുന്നിൽ. ഇവിടെ 66ശതമാനം പേര് ഈ പ്രായക്കാരാണ്. 60 കഴിഞ്ഞവരുടെ എണ്ണത്തിൽ 13.8 ശതമാനത്തോടെ കോട്ടയവും എറണാകുളവും മുന്നിൽ നിൽക്കുന്നു. ഈ രണ്ടു വിഭാഗത്തിലും മലപ്പുറമാണ് പിറകിൽ.
മലപ്പുറത്ത് 60 കഴിഞ്ഞവർ 8.4 ആണെങ്കിൽ 15-59 കാർ 61.4 ശതമാനം ആണ്. നഗര ജനസംഖ്യാവളർച്ചയിൽ ലോകത്ത് ഒന്നാമതാണ് മലപ്പുറം. 2015-2020 കാലത്തെ ജനസംഖ്യാ വളർച്ചാനിരക്ക് മലപ്പുറത്ത് 44.05 ആണ്. രണ്ടാം സ്ഥാനം വിയറ്റ്‌നാമിലെ കാൻഹോവിനാണ്- ഇവിടത്തെ വളർച്ച 36.7 ആണ്.
സംസ്ഥാനത്ത് നിക്ഷേപത്തേക്കാൾ വായ്പ നൽകിയ രണ്ടു ജില്ലകളാണുള്ളത്. വയനാടും ഇടുക്കിയുമാണിവ. വയനാട്ടിൽ 7723 കോടി നിക്ഷേപമായെത്തിയപ്പോൾ 8650 കോടി രൂപ വായ്പ നൽകി. ഇടുക്കിയിൽ നിക്ഷേപം 13150 കോടിയും വായ്പ 13675ഉം ആണ്. നിക്ഷേപത്തിന്റെയും വായ്പയുടെയും കണക്കിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് എറണാകുളം ജില്ലയാണ്. 191164 കോടിയുടെ നിക്ഷേപവും 187016കോടിയുടെ വായ്പയും എറണാകുളത്തിന്റെ കണക്കിലുണ്ട്.
നിക്ഷേപവും വായ്പയും തമ്മിൽ വലിയ വ്യത്യാസമുള്ള ജില്ല തൃശൂരാണ്. ഇവിടെ 105959 കോടി നിക്ഷേപം വന്നപ്പോൾ വായ്പ 56435 കോടി മാത്രം. മലപ്പുറത്തെ ബാങ്കുകളിലെത്തിയ നിക്ഷേപം 42350 കോടിയാണ്. വായ്പ 26990ഉം.
ആളോഹരി ജലലഭ്യതയിൽ കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. 39.82 ശതമാനം വീട്ടുകാർക്കാണ് കേരള ജല അതോറിറ്റി മുഖേന വെള്ളം കിട്ടുന്നത്. ഇടുക്കിയിൽ 50.56ശതമാനം പേർക്കും മലപ്പുറത്ത് 50.61 പേർക്കും ലഭിക്കുന്നു. എറണാകുളത്തെ ലഭ്യത 91.85 ശതമാനമാണെങ്കിൽ മലബാർ ജില്ലകളിൽ താരതമ്യേന ജലലഭ്യത കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."