കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ
അടൂർ: വീടിന് മുന്നിൽ സിസിടിവി (CCTV) ക്യാമറ സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തിൽ അയൽവാസികളായ ദമ്പതികളെ വീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ അനൂപ് (23) ആണ് പിടിയിലായത്. കാപ്പ (KAPPA) നിയമപ്രകാരം ആറ് മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്.
സംഭവത്തിന് പിന്നിലെ കാരണം:
നാട്ടിലെ സ്ഥിരം കുറ്റവാളിയായ അനൂപിന്റെ ശല്യം ഭയന്നാണ് അയൽവാസികൾ സ്വന്തം വീടിന് മുൻപിൽ സുരക്ഷയ്ക്കായി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് തന്നെ നിരീക്ഷിക്കാനാണെന്ന് കരുതിയ പ്രതി ഇതിലുള്ള വിരോധം തീർക്കാൻ ജനുവരി 8-ന് ഉച്ചയോടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.
വീട്ടുമുറ്റത്തുണ്ടായിരുന്ന ഗൃഹനാഥനെ ക്രൂരമായി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാൻ എത്തിയ ഭാര്യയെയും ഇയാൾ ഉപദ്രവിച്ചു.സംഭവത്തിന് ശേഷം ഒളിവിൽ പോയ അനൂപിനായി കൂടൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ക്രിമിനൽ പശ്ചാത്തലം:
പൊലിസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ ടവർ ലൊക്കേഷനും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലിസ് വലയിലാക്കിയത്.ആറ് പൊലിസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, ലഹരി മരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനൂപ്.കൂടൽ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."