പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ
പാനൂർ: കണ്ണൂർ പാനൂരിലെ വള്ള്യായിൽ തെയ്യം കെട്ടിനിടെയുണ്ടായ സംഘർഷം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തിറ ഉത്സവത്തിനിടെയാണ് വോളന്റിയർമാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയത്. പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം എന്നീ തെയ്യങ്ങൾ മുറ്റത്തുള്ളപ്പോഴായിരുന്നു ഭക്തരെ മുൾമുനയിൽ നിർത്തിയ സംഘർഷം.
തർക്കം തുടങ്ങിയത് തിരക്കിനെച്ചൊല്ലി
ക്ഷേത്രമുറ്റത്ത് തെയ്യം ഇറങ്ങുന്നതിനിടെ തിരക്ക് നിയന്ത്രിക്കാൻ വോളന്റിയർമാർ നൽകിയ നിർദ്ദേശമാണ് തർക്കത്തിന് കാരണമായത്. നിർദ്ദേശം പാലിക്കാത്തതിനെച്ചൊല്ലി തുടങ്ങിയ വാക്കുതർക്കം നിമിഷങ്ങൾക്കകം കൂട്ടത്തല്ലായി മാറി. ക്ഷേത്രമുറ്റത്ത് തടിച്ചുകൂടിയവർ ചേരിതിരിഞ്ഞ് അക്രമം അഴിച്ചുവിട്ടു.
തെയ്യത്തെ പിടിച്ചുതള്ളി; കലാകാരൻ ഓടിമാറി
അടിയ്ക്കിടെ മുറ്റത്തുണ്ടായിരുന്ന തിരുവപ്പന തെയ്യത്തെ അക്രമികൾ പിടിച്ചുതള്ളി. ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് അടിയേൽക്കാതിരിക്കാൻ തെയ്യം കലാകാരൻ പ്രയാസപ്പെട്ട് ഓടിമാറുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരാധനാലയത്തിന്റെ വിശുദ്ധി കെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കേസ് എടുക്കാതെ പൊലിസ്
സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തിരക്കിനിടയിലുണ്ടായ സ്വാഭാവികമായ തർക്കമാണെന്നുമാണ് പൊലിസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, സിപിഎം - കോൺഗ്രസ് അനുഭാവികളാണ് ഏറ്റുമുട്ടിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആരും പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പാനൂർ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."