ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ (മിയാ വിഭാഗം) ആക്രമിക്കാന്‍ ആഹ്വാനംചെയ്തും അധിക്ഷേപിച്ചും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ സുപ്രീം കോടതിയില്‍ ഹരജി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് ഹരജിക്കാര്‍. ഭരണഘടനാ പദവികള്‍ അലങ്കരിക്കുന്നവര്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണരേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തിന് വേണ്ടി സംഘടനയുടെ അധ്യക്ഷന്‍ മൗലാന മഹ്മൂദ് മദനിയാണ് ഹരജി ഫയല്‍ ചെയ്തത്.
അസം മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതും വര്‍ഗീയമായി ജനങ്ങളെ ഇളക്കിവിടുന്നതും ഭരണഘടനാ മൂല്യങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല. സമൂഹത്തില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസ്താവനകള്‍ അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും ഹരജിയില്‍ പറയുന്നു. ഭരണഘടനാ പദവികളിലിരിക്കുന്നവര്‍ക്ക് പ്രസംഗങ്ങളില്‍ പാലിക്കേണ്ട കൃത്യമായ പെരുമാറ്റച്ചട്ടം സുപ്രിംകോടതി നിശ്ചയിക്കണം. ഭരണഘടനയ്ക്കും നിയമത്തിനും മുകളിലല്ല ആരുമെന്ന തത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത് അത്യാവശ്യമാണ്. സമത്വം, സാഹോദര്യം, മതേതരത്വം എന്നീ ഭരണഘടനാ മൂല്യങ്ങളെ ഇത്തരം പ്രസ്താവനകള്‍ തകര്‍ക്കുന്നു- ഹരജി കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേരത്തെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ പരാതിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരി 27ന് അസമിലെ ടിന്‍സുകിയ ജില്ലയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് ഹരജിക്ക് ആധാരം. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് അഞ്ചുലക്ഷം വരെ മിയാ മുസ്ലിംകളെ നീക്കം ചെയ്യുമെന്നും ഈ വിഭാഗത്തെ പരമാവധി ബുദ്ധിമുട്ടിക്കുകയാണ് എന്റെ കര്‍ത്തവ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അസമില്‍ മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് മിയ എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പ്രസ്താവനയ്‌ക്കെതിരേ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ ഡല്‍ഹിയിലെ ഹൗസ് ഖാസി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രത്യേക വിഭാഗത്തിനെതിരേ ശത്രുതയും വിദ്വേഷവും പടര്‍ത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും മിയ വിഭാഗക്കാരെ ഏത് വിധേനയും ഉപദ്രവിക്കാനും അവരോട് വിവേചനം കാണിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്യുമെന്ന പ്രസ്താവന ഭരണഘടനാ ലംഘനമാണ്. അതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെ 196, 197, 299, 302, 353 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ഗീയ പ്രസംഗം നടത്തിയ ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടു. മുസ്ലിംകളെ ഉപദ്രവിക്കാനും വോട്ടവകാശം നിഷേധിക്കാനും സാമ്പത്തികമായി ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാ മൂല്യങ്ങള്‍ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
Jamiat Ulama-i-Hind has approached the Supreme Court seeking action against recent public remarks made by Assam Chief Minister Himanta Biswa Sarma, calling them communal, deeply divisive, and contrary to the spirit of the Constitution. The application, filed by Jamiat president Maulana Mahmood Madani through senior advocate M R Shamshad, has been moved in a pending petition where the apex court had already reserved its verdict on January 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."