കേന്ദ്ര ബജറ്റ്: സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ മൂല്യപരിധി എടുത്തുകളഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍
ദുബൈ: യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഈ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ചത്. കാലപ്പഴക്കം ചെന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചാണ് 'കസ്റ്റംസ് ബാഗേജ് റൂള്‍സ് 2026' (Customs Baggage Rules, 2026) അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പഴയ മൂല്യപരിധി പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.
പുതിയ മാറ്റങ്ങള്‍ എന്തെല്ലാം?
* ഇനിമുതല്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി മൂല്യം നോക്കാതെ, നിശ്ചിത ഭാരം വരെ നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാം. മുന്‍പുണ്ടായിരുന്ന മൂല്യപരിധി (Value Cap) പൂര്‍ണ്ണമായും ഒഴിവാക്കി.
* സ്ത്രീകള്‍ക്ക് 40 ഗ്രാം വരെ (അഞ്ചു പവന്‍) സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. (മുന്‍പ് 40 ഗ്രാം അല്ലെങ്കില്‍ ഒരു ലക്ഷം രൂപ എന്ന പരിധിയായിരുന്നു ഉണ്ടായിരുന്നത്).
* പുരുഷന്മാര്‍ക്ക്: 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. (മുന്‍പ് 20 ഗ്രാം അല്ലെങ്കില്‍ 50,000 രൂപ എന്ന പരിധിയായിരുന്നു ഉണ്ടായിരുന്നത്).
മറ്റ് ഇളവുകള്‍
സ്വര്‍ണമല്ലാത്ത മറ്റ് സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഡ്യൂട്ടി ഫ്രീ പരിധി 50,000 രൂപയില്‍ നിന്നും 75,000 രൂപയായി വര്‍ദ്ധിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തിലധികം വിദേശത്ത് താമസിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഇടപെടല്‍
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഈ ചരിത്രപരമായ തീരുമാനം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ പ്രതാപന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ദുരനുഭവം മുന്‍നിര്‍ത്തിയാണ് അസോസിയേഷന്‍ ഈ വിഷയം സജീവമായി ഏറ്റെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിലവിലെ വിപണി വില അനുസരിച്ച് നികുതി കണക്കാക്കിയതായും തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. പുതിയ നിയമപരിഷ്‌കാരം യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനാവശ്യ ജോലിഭാരം കുറയ്ക്കുമെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു.
English Summary: Removal of Value Cap: The Indian government has removed the monetary value ceiling on dtuy-free gold jewellery for NRIs, keeping only the weight limit. Female passengers can now carry up to 40 grams, and male passengers up to 20 grams of gold jewellery without paying dtuy, regardless of the current market price. The dtuy-free limit for other imported articles in baggage has been raised from Rs 50,000 to Rs 75,000. Following the Union Budget 2026 announcement, these new 'Customs Baggage Rules, 2026' came into effect on February 2, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."