ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ
കുണിയ (കാസര്‍കോട്): പൈതൃക വഴിയില്‍ നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് നാളെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തുടക്കം. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിക്കുന്ന പതാകകളുമായി നാളെ ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു കുണിയയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും.
വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും. രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും.
ഈജിപ്തിലെ കെയ്‌റോ ഇസ് ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും.
സമസ്ത ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
കെ. സുധാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥികളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും.
അഞ്ചിനു രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാംപ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ് രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും. ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉൾക്കൊള്ളിച്ച് നടത്തുന്ന, 33313 പേര്‍ പങ്കെടുക്കുന്ന ക്യാംപിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും.
പതാകകൾ ഏറ്റുവാങ്ങി; ഇന്ന് പ്രയാണം
സമ്മേളനം ചരിത്രസംഭവമാകും: ജിഫ്രി തങ്ങൾ
കോഴിക്കോട്: 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിൽ ബുധനാഴ്ച മുതൽ കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരയിൽ ഉയർത്താനുള്ള 100 പതാകകൾ ഏറ്റുവാങ്ങി. വരക്കൽ മഖാമിൽ നിന്നുള്ള പ്രധാന പതാകയും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന 99 പതാകകളുമാണ് ചടങ്ങിൽ ഏറ്റുവാങ്ങിയത്. ആദ്യപതാക സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഏറ്റുവാങ്ങി. തുടർന്ന് മറ്റു നേതാക്കൾ പതാകകൾ സ്വീകരിച്ചു. പതാകകൾ ഇന്ന് രാവിലെ ഒൻപതിന് വരക്കലിൽനിന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ നേതൃത്വത്തിൽ തളങ്കര മാലിക് ദീനാർ പള്ളിയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് തളങ്കരയിൽ നിന്ന് ഘോഷയാത്രയായി സമ്മേളന നഗരിയിൽ എത്തിക്കും.
വരക്കൽ മഖാമിൽ നടന്ന പതാക ഏറ്റുവാങ്ങൽ ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയുടെയും ഇസ് ലാമിന്റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതാകും മഹാസമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും വലുതാവാൻ വേണ്ടിയല്ല സമ്മേളനം സംഘടിപ്പിക്കുന്നത്. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് ലക്ഷ്യം. സമ്മേളനം ചരിത്രസംഭവമാകുമെന്ന കാര്യത്തിൽ സംശയമില്ല. സമ്മേളനത്തിനെത്തുന്ന എല്ലാവരെയും ഒരുപോലെ സ്വീകരിക്കണം. സമ്മേളനത്തിന് വ്യക്തിപരമായി ഇഷ്ടമില്ലാത്തവരും വരും. ആരെയും നിന്ദിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ചടങ്ങിന് മുന്നോടിയായി നടന്ന വരക്കൽ മഖാം സിയാറത്തിന് ജിഫ്്രി തങ്ങൾ നേതൃത്വം നൽകി. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനായി. വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ആമുഖഭാഷണം നടത്തി. കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കർ ദാരിമി, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, പോഷക സംഘടനാ നേതാക്കളായ പൂക്കോയ തങ്ങൾ അൽഐൻ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, കെ.പി.പി തങ്ങൾ, ടി.പി.സി തങ്ങൾ, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, എം.പി മുഹമ്മദ് മുസ്‌ലിയാർ കടുങ്ങല്ലൂർ, മുസ്തഫ മുണ്ടുപാറ, ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, അബ്ദുൽ ലത്തീഫ് ഹൈതമി തൃശൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വി ഹസ്സൻകോയ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സുലൈമാൻ ഫൈസി ചുങ്കത്തറ, അലി തങ്ങൾ പാലേരി, അബ്ദുറഹിമാൻ തങ്ങൾ സംബന്ധിച്ചു. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം സ്വാഗതവും സ്വാഗതസംഘം കൺവീനർ സലാം ഫൈസി മുക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."