തെരുവുനായ അക്രമം സുരക്ഷയില്ലാതെ മറുനാടന്‍ തൊഴിലാളികള്‍
മമ്പറത്ത് നാടോടി സ്ത്രീയെ തെരുവുനായ കൂടാരത്തില്‍ കയറി കടിച്ചു
കണ്ണൂര്‍: റോഡരികും കടവരാന്തകളും രാപ്പാര്‍ക്കാന്‍ ആശ്രയമാക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ അരക്ഷിതാവസ്ഥയില്‍. ഉറക്കത്തിനിടെ ഏതുസമയവും തെരുവുനായകള്‍ ഇവരെ കടിച്ചുകീറുമെന്ന അവസ്ഥയാണ്. ഇന്നലെ മമ്പറം ടൗണില്‍ അഞ്ചരക്കണ്ടി-തലശേരി റോഡില്‍ മമ്പറം പാലത്തിനടുത്ത് മധ്യവയ്‌സകയായ നാടോടി സ്ത്രീയെ ടാര്‍പോളിന്‍ കൊണ്ടു മറച്ചുകെട്ടിയ കൂടാരത്തില്‍ കയറി നായ കടിച്ചുകീറിയത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഹുന്‍സൂര്‍ സ്വദേശി രാധയെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. രാധയുടെ മേല്‍ചുണ്ട് നഷ്ടമായി. ദേഹത്തുകയറിയ നായ്ക്കൂട്ടം ഉറങ്ങികിടക്കുകയായിരുന്ന ഇവരെ വലിച്ചിഴക്കാനും ശ്രമിച്ചു. തൊട്ടടുത്തു കിടന്നുറങ്ങിയിരുന്ന ബന്ധുക്കള്‍ ബഹളംവച്ചതിനെ തുടര്‍ന്നാണ് നായ്ക്കൂട്ടം പിന്‍വാങ്ങിയത്. വര്‍ഷങ്ങളായി വട്ടത്തോണിയില്‍ പുഴമീന്‍ പിടിച്ചു ജീവിച്ചുവരികയാണ് രാധയും ബന്ധുക്കളും. അഞ്ചിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. അതീവ ഗുരുതമായ നിലയില്‍ ഇവരെ ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. യാതൊരു അടച്ചുറപ്പുമില്ലാത്ത കൂടാരത്തില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ കുഞ്ഞുങ്ങളും പ്രായമേറിയവരുമുണ്ട്. നിരവധി അറവുശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് മമ്പറം. ഇതിലൂടെ കടന്നുപോകുന്ന അഞ്ചരക്കണ്ടി പുഴയില്‍ ഇറച്ചിമാലിന്യങ്ങള്‍ തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതാണ് പ്രദേശത്ത് തെരുവുനായകള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍, തലശേരി, പയ്യന്നൂര്‍, പഴയങ്ങാടി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പാതയോരത്ത് കിടന്നുറങ്ങുന്ന മറുനാടന്‍ തൊഴിലാളികള്‍ ധാരാളമാണ്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍, തെക്കിബസാര്‍, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം എന്നിവടങ്ങളില്‍ തെരുവുകളെ ആശ്രയിച്ചുജീവിക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ എണ്ണമറ്റതാണ്. വര്‍ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ വിളയാട്ടം ഇവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."